തുര്‍ക്കിയില്‍ ഭീകരാക്രമണം: 39 മരണം

Monday 2 January 2017 12:59 am IST

ഇസ്താംബുള്‍: തുര്‍ക്കിയിലെ പ്രമുഖ നഗരങ്ങളിലൊന്നായ ഇസ്താംബുളിലെ നിശാക്ലബ്ബില്‍ പുതുവര്‍ഷ രാത്രിയിലുണ്ടായ ഭീകരാക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തില്‍ മരിച്ചതില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. രാജ്യസഭാ മുന്‍ എംപി അക്തര്‍ ഹസന്‍ റിസ്‌വിയുടെ മകന്‍ അബീസ് റിസ്‌വി, ഗുജറാത്ത് സ്വദേശി ഖുഷി ഷാ എന്നിവരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. റിസ്‌വി ബില്‍ഡേഴ്‌സിന്റെ സിഇഒയും സിനിമ സംവിധായകനുമാണ് അബീസ് റിസ്‌വി. ഇന്ത്യന്‍ അംബാസഡര്‍ ഇസ്താംബുളിലേക്ക് തിരിച്ചിട്ടുണ്ടെന്നും സുഷമ സ്വരാജ് അറിയിച്ചു. മരിച്ചവരില്‍ ഒരാള്‍ പോലീസുകാരനും 16 പേര്‍ വിദേശികളുമാണ്. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നഗരത്തിലെ പ്രമുഖ നിശാ ക്ലബ്ബുകളില്‍ ഒന്നായ റീന ക്ലബ്ബില്‍ സാന്താക്ലോസിന്റെ വേഷത്തിലെത്തിയ രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് 700ഓളം പേരാണ് ക്ലബ്ബില്‍ ഉണ്ടായിരുന്നത്. വെടിവെപ്പിനിടെ ക്ലബ്ബിലുണ്ടായിരുന്നവരില്‍ പലരും തൊട്ടടുത്തുള്ള നദിയിലേക്ക് ചാടി. നഗരത്തിലെ പ്രമുഖ നിശാ ക്ലബ്ബുകളില്‍ ഒന്നാണ് ഇത്. അതുകൊണ്ടു തന്നെ പുതുവര്‍ഷത്തോടനുബന്ധിച്ച് ഇവിടെ നിരവധി ആളുകളാണ് എത്തിയിരുന്നത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഒരു വര്‍ഷത്തിനിടെ തുര്‍ക്കിയില്‍ ഒട്ടേറെ ആക്രമണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇസ്താംബുള്‍ നഗരത്തില്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് ശനിയാഴ്ച 17,000ഓളം പോലിസുകാരെ വിന്യസിച്ചിരുന്നു. അതിനിടെ അലെപ്പോയില്‍ നടന്നതിനുള്ള പ്രതികാരമാണിതെന്ന് അറബിയില്‍ ഭീകരര്‍ ആക്രോശിച്ചതായും റിപ്പോര്‍ട്ടുകളല്‍ പറയുന്നണ്ട്. കഴിഞ്ഞ ഡിസംബര്‍ 10ന് ഇസ്താംബൂളില്‍ ഫുട്‌ബോള്‍ മാച്ചിനിടെ നടത്തിയ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 44 പേരാണ് കൊല്ലപ്പെട്ടത്. ജൂണില്‍ അതതുര്‍ക് വിമാനത്താവളത്തില്‍ ഉണ്ടായ വെടിവെപ്പില്‍ 47 പേരാണ് കൊല്ലപ്പെട്ടത്. ആഗസ്റ്റിലെ ആക്രമണത്തില്‍ 57 പേര്‍ മരിച്ചിരുന്നു. ഐഎസ് ഇതിന്റെയെല്ലാം ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.