സിപിഎം ഭരണത്തില്‍ നിരക്ഷരര്‍: പി.കെ.കൃഷ്ണദാസ്‌

Sunday 1 January 2017 12:50 pm IST

തിരൂര്‍: സിപിഎം സമരത്തില്‍ സാക്ഷരത നേടിയവരാണെങ്കിലും ഭരണത്തില്‍ ഇപ്പോഴും നിരക്ഷരരാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. പടിഞ്ഞാറേക്കര ഗോമുഖത്ത് നടന്ന ബിജെപി മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് സി.എച്ച്.ബാലകൃഷ്ണന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് ഭരണത്തിലേറിവരാണ് സിപിഎം നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍. പക്ഷേ ഒന്നും ശരിയായില്ലെന്ന് മാത്രമല്ല ഭരണം പൂര്‍ണ്ണ പരാജയവുമാണ്. കേന്ദ്രസര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത് മാത്രമായി സിപിഎമ്മിന്റെ ഭരണം ചുരുങ്ങി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും ഒന്നുമില്ല. അവശ്യസാധനങ്ങളുടെ വില കുതിക്കുകയാണ്. ഇതൊക്കെ നടക്കുമ്പോഴും സിപിഎം ജനക്ഷേമം മറന്ന് നെറികെട്ട രാഷ്ട്രീയം കളിക്കുകയാണ്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബാബുവിനെ തട്ടികൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ബാബു തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ച സിപിഎം നേതാക്കളെ ചൂണ്ടികാണിച്ചിട്ടും അവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഭയക്കുകയാണ്. നിയമത്തെ വരെ വെല്ലുവിളിക്കുന്ന സിപിഎമ്മിന്റെ നയം നാടിനെ പിന്നോട്ടടിക്കും അദ്ദേഹം പറഞ്ഞു. മലപ്പുറത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു സി.എച്ച്.ബാലകൃഷ്ണനെന്നും അദ്ദേഹം യുവാക്കള്‍ക്ക് ഒരു പാഠപുസ്തകം തന്നെയായിരുന്നെന്നും കൃഷ്ണദാസ് അനുസ്മരിച്ചു. യോഗത്തില്‍ തളിയാടത്ത് ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത്, മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ് എന്നിവര്‍ സംസാരിച്ചു. പി.പി.ശ്രീനിവാസന്‍ സ്വാഗതവും പി.കെ.ബാബുരാജ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.