ദേശീയതയെ മുറുകെ പിടിക്കുന്നതിനാല്‍ ആര്‍എസ്എസിനെ എതിര്‍ക്കുന്നു: പി.ഉണ്ണികൃഷ്ണന്‍

Sunday 1 January 2017 8:27 pm IST

കാഞ്ഞങ്ങാട്: ദേശീയതയെ മുറുകെ പിടിക്കുന്നതിനാലാണ് ചില മാധ്യമങ്ങളും സംഘടനകളും രാഷ്ട്രീയ സ്വയംസേവക സംഘത്തിനെതിരെ കുപ്രചരണം നടത്തുന്നതെന്ന് തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ആര്‍എസ്എസ് കാഞ്ഞങ്ങാട് സംഘജില്ല പ്രാഥമിക ശിക്ഷണ ശിബിര ത്തിന്റെ ഔപചാരിക സമാപന പരിപാടിയില്‍ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ഭയപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമം നടക്കുകയാണ്. ആര്‍എസ്എസിനെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട പ്രവര്‍ത്തകരെല്ലാം പില്‍ക്കാലത്ത് സംഘ ആദര്‍ശത്തില്‍ അണിചേരുകയാണുണ്ടായത്. പാടത്തുപണിയെങ്കില്‍ വരമ്പത്തു കൂലിയെന്നും വേണമെങ്കില്‍ പോലീസ് സ്‌റ്റേഷനിലും ബോംബുണ്ടാക്കുമെന്നും പ്രഖ്യാപിച്ച പാര്‍ട്ടി സെക്രട്ടറിയും രാഷ്ട്രീയ എതിരാളികളെ ഉപ്പിട്ടു മൂടണമെന്ന് ബംഗാളിലെ ഉദാഹരണം ചൂണ്ടിക്കാട്ടി പാര്‍ട്ടി അണികളോട് ആഹ്വാനം ചെയ്ത പിണറായി വിജയനുമാണ് ഇന്ന് കേരളത്തെ നയിക്കുന്നത്. രാഷ്ട്രീയ കൊലക്കേസിലെ പ്രതികള്‍ നാടിനെയും ഭരണ പാര്‍ട്ടിയെയും നയിക്കുമ്പോള്‍ നാട്ടില്‍ സമാധാനം പുലരുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. ആര്‍എസ്എസിനെ വര്‍ഗീയവാദികളെന്നു കുറ്റപ്പെടുത്തുന്നവര്‍ മാറാട് കലാപവേളയില്‍ ആര്‍.എസ്.എസ് സ്വീകരിച്ച നിലപാട് ഓര്‍ക്കണം. കുമ്മനം രാജശേഖരനെ പോലെയുള്ള നേതാക്കളുടെ നിരന്തരപരിശ്രമത്തിലൂടെ കേരളത്തിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്തപ്പെടുകയും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്തു. ശാസ്ത്രീയമായ ഭാരതീയ കാലഗണന ഉപേക്ഷിച്ച് ആംഗലേയ കാലഗണന നാം പിന്തുടരുമ്പോള്‍ നഷ്ടമാകുന്നത് 3000 വര്‍ഷത്തിലധികമുള്ള ചരിത്രമാണ്. വന്ദേമാതരത്തെയും കാവിപതാകയെയും നമ്മില്‍ നിന്നകറ്റിയത് അത് നമ്മുടെ ദേശീയതയെ പ്രതിഫലിപ്പിക്കുന്നതിനാലാണ്. യൂണിഫോം സിവില്‍ കോഡിനെയും ചില സംഘടിത ശക്തികളെതിര്‍ക്കുന്നു. മതേതരത്വത്തെക്കുറിച്ചുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ ഹിന്ദുധര്‍മ്മത്തിനെതിരെയുള്ള സംഘടിത അക്രമത്തെ ചെറുക്കണം. ഭാരതീയം ജനാധിപത്യ രാഷ്ട്രവും മതേതരവുമായി തുടരുന്നതിന്റെ കാരണം ഇവിടുത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ ഹിന്ദുക്കളായതു കൊണ്ടാണ്. ജനാധിപത്യം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നിലനില്‍ക്കണമെങ്കില്‍ ജാതീയവും മതപരവും സാമ്പത്തികവുമായ ഇടപെടലുകള്‍ അവസാനിക്കണം. ആദ്യം രാഷ്ട്രമെന്നതായിരിക്കണം ഓരോ പൗരന്റെയും സങ്കല്‍പ്പം. ഈ ഭാരതം ഹിന്ദുരാഷ്ട്രമായായതിനാലാണ് എല്ലാ മതവിശ്വാസികള്‍ക്കും ഇവിടെ ഒരേപോലെ ജീവിക്കാന്‍ സാധിക്കുന്നത്.വരാനിരിക്കുന്നത് ഭാരതത്തിന്റെ നാളുകളാണെന്നും ഹിന്ദുസമ്പദ്‌വ്യവസ്ഥയാണ് ലോകത്തെ നിയന്ത്രിക്കാന്‍ പോകുന്നതെന്നും പി.ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. സ്വാഗതസംഘം അദ്ധ്യക്ഷന്‍ ടി.വി. അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ഗിരിധര്‍ റാവു, പി.അനിരുദ്ധന്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.