കാഞ്ഞാര്‍: കാഞ്ഞാര്‍ -പുളളിക്കാനം റോഡില്‍ വിനോദ സഞ്ചാരികളുടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍ സ്വദേശികളായ സായൂജ് (30), ഷാന്‍ (28) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കൂവപ്പള്ളിയില്‍ ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം.
അപകടത്തില്‍പ്പെട്ട ബൈക്കുകളിലൊന്ന് നിര്‍ത്താതെ പോയി. വാഗമണ്‍ സന്ദര്‍ശിച്ചതിന് ശേഷം മടങ്ങുകയായിരുന്നു പരിക്കേറ്റവര്‍. കുത്തനെയുള്ള ഇറക്കം ഇറങ്ങവേ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കില്‍ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഓടി കൂടിയ നാട്ടുകാരും മൂലമറ്റം ഫയര്‍ഫോഴ്സ് യൂണിറ്റുമാണ് പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാഞ്ഞാര്‍ എസ്.ഐ സാബു എന്‍ കുര്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ഫയര്‍ഫോഴ്സ് ജീവനക്കാരായ വിശ്വനാഥന്, ഷിന്റോ, ജോബി കെ ജോര്‍ജ്, ജോഷി, പ്രജോ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. സംഭവത്തില്‍ ഇടിച്ചിട്ട് പോയ വാഹനം പോലീസ് തിരഞ്ഞ് വരികയാണ്. കഴിഞ്ഞ ദിവസം മുട്ടത്തിന് സമീപം കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അധ്യാപകനടക്കം നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: