മലയാറ്റൂര്‍ നക്ഷത്ര തടാകം മെഗാ കാര്‍ണിവലിന് പ്രൗഢിയാര്‍ന്ന പരിസമാപ്തി

Sunday 1 January 2017 10:16 pm IST

മലയാറ്റൂര്‍: നാടിന്റെ മഹനീയ മഹോത്സവമായ നക്ഷത്ര തടാകം മഹാ കാര്‍ണിവല്‍ സമാപിച്ചു. മലയാറ്റൂര്‍ തടാകത്തിനു ചുറ്റും 1016 നക്ഷത്രങ്ങളെ സാക്ഷിയാക്കി കലയും സംസ്‌കാരവുമൊരുമിച്ച് ആഘോഷ രാവുകള്‍ തീര്‍ത്തപ്പോള്‍ ക്രിസ്തുമസ് മുതല്‍ പുതുവര്‍ഷം വരെ മലയാറ്റൂര്‍ പ്രദേശമാകെ ജനനിബിഢമായി മാറി .മലയാറ്റൂര്‍ ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 25 നാരംഭിച്ച കാര്‍ണിവലിന് പുതുവര്‍ഷദിനം വെളുപ്പിന് ഡി.ജെ മ്യൂസിക്കിന്റെ അകമ്പടിയോടുകൂടി 83 അടി ഉയരം വരുന്ന പപ്പാനിയെ കത്തിച്ചതിലൂടെയാണ് സമാപനമായത്. കേരള സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പേരാണ് ഈ ദിവസങ്ങളില്‍ മലയാറ്റൂരില്‍ അതിഥികളായെത്തിയത്.കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഒരുക്കിയ അമ്യൂസ്‌മെന്റ് പാര്‍ക്കും കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ ബോട്ടിംഗും നക്ഷത്രമാമരങ്ങളും കുതിര സഫാരിയുമെല്ലാം ഈ വര്‍ഷം മലയാറ്റൂര്‍ തടാകത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനു കാരണമായിത്തീര്‍ന്നു. വരും വര്‍ഷങ്ങളിലെ നക്ഷത്ര തടാകവികസനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന ഒട്ടേറെ വാഗ്ദാനങ്ങളും പ്രതീക്ഷകളും പങ്കുവെച്ചുകൊണ്ടാണ് മലയാറ്റൂര്‍ കാര്‍ണിവല്‍ സമാപിക്കുന്നത്. അവസാന ദിവസത്തെ സമാപന സമ്മേളനം മലയാറ്റൂര്‍ നക്ഷത്ര തടാകം മെഗാ കാര്‍ണിവല്‍ ചെയര്‍മാനും അങ്കമാലി എം.എല്‍.എ യുമായ റോജി എം.ജോണ്‍ ഉദ്ഘാടനം ചെയ്തു.മലയാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനിമോള്‍ ബേബി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.വര്‍ഗീസ് മൂലന്‍, കെ.കെ കര്‍ണന്‍ എന്നിവര്‍ വിശിഷ്ഠാതിഥികളായിരുന്നു,നക്ഷത്ര തടാകം കണ്‍വീനര്‍ ജോസഫ് കാടപ്പറമ്പന്‍ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സാംസണ്‍ ചാക്കോ, വാര്‍ഡ് മെമ്പര്‍ മിനി ബാബു,ടോളിന്‍സ് ജനറല്‍ മാനേജര്‍ എബ്രാഹം കുരുവിള എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.