കേന്ദ്രത്തിന്റെ ഡിജിറ്റല്‍ സേവന കേന്ദ്രങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഉടക്ക്

Sunday 1 January 2017 10:50 pm IST

  തൃശൂര്‍: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ക്ക് സംസ്ഥാനം വിലങ്ങിടുന്നു. വില്ലേജുകള്‍തോറും ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഡിജിറ്റല്‍ സേവനകേന്ദ്രങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് സംസ്ഥാനസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ക്ക് അപേക്ഷ നല്‍കാനും സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാനും ഉദ്ദേശിച്ചുള്ളതാണ് സേവനകേന്ദ്രങ്ങള്‍. സംസ്ഥാനത്ത് നിലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ ഈ ജോലി ചെയ്യുന്നുണ്ടെന്നും പുതിയ ഡിജിറ്റല്‍ സേവനകേന്ദ്രങ്ങള്‍ ആവശ്യമില്ലെന്നുമാണ് സംസ്ഥാനസര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ അക്ഷയകേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സംബന്ധിച്ച സഹായങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമല്ല. ഡിജിറ്റല്‍ സേവനകേന്ദ്രങ്ങളെ തടയുന്നതിന് പിന്നില്‍ സംസ്ഥാനസര്‍ക്കാരിന്റെ രാഷ്ട്രീയതാല്പര്യമാണെന്ന് വ്യക്തം. ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് ഒട്ടേറെ പ്രയോജനങ്ങള്‍ ലഭിക്കുന്നതാണ് ഡിജിറ്റല്‍ സേവനകേന്ദ്രങ്ങള്‍. ഇത് തടയുകവഴി കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ ജനങ്ങളില്‍ എത്തരുത് എന്ന ലക്ഷ്യമാണ് സിപിഎമ്മിനും സംസ്ഥാനസര്‍ക്കാരിനും ഉള്ളത്. ഡിജിറ്റല്‍ സേവനകേന്ദ്രങ്ങളുമായി സഹകരിക്കരുതെന്നും ഇതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും സംസ്ഥാന ഐടി സെക്രട്ടറി ജനപ്രതിനിധികള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും രേഖാമൂലം അറിയിപ്പ് നല്‍കിയതായാണ് വിവരം. ഇതോടെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഡിജിറ്റല്‍ സേവനകേന്ദ്രങ്ങള്‍ തുടങ്ങാന്‍ അനുമതി വാങ്ങിയശേഷം പണം മുടക്കി കേന്ദ്രങ്ങള്‍ തയ്യാറാക്കിയവര്‍ക്ക് ഇരുട്ടടിയായി. സംസ്ഥാനത്ത് നൂറുകണക്കിന് കേന്ദ്രങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലക്ക് വരുന്നത്. ഇന്നലെ തൃശൂര്‍ ജില്ലയില്‍ പൂങ്കുന്നത്ത് പുതിയ ഡിജിറ്റല്‍ സേവനകേന്ദ്രം ഉദ്ഘാടനം നടക്കേണ്ടതായിരുന്നു. മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അവസാനനിമിഷം ഉദ്ഘാടനം മാറ്റിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിലക്ക് നിലവിലുണ്ടെന്ന കാര്യം മന്ത്രി സുനില്‍കുമാര്‍ സമ്മതിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. താന്‍ ഐടി സെക്രട്ടറിയുമായി സംസാരിച്ചശേഷം തീരുമാനമറിയിക്കാമെന്നും അതുവരെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കരുതെന്നും മന്ത്രി പറഞ്ഞതായി കേന്ദ്രം നടത്തിപ്പിന് അനുമതി ലഭിച്ചിട്ടുള്ള കെ. കേശവദാസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.