മോദിയുടെ പ്രഖ്യാപനം സാധാരണക്കാരോടുള്ള പ്രതിബദ്ധത: കുമ്മനം

Sunday 1 January 2017 5:36 pm IST

തിരുവനന്തപുരം: പുതുവത്സരത്തലേന്ന് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ സാധാരണക്കാരോടുള്ള ബിജെപിയുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പാവങ്ങള്‍, ഇടത്തരക്കാര്‍, കൃഷിക്കാര്‍, സ്ത്രീകള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരുടെ ഉന്നമനത്തിനുള്ള പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. സാമ്പത്തിക പരിഷ്‌കരണം വന്‍കിടക്കാര്‍ക്ക് വേണ്ടിയാണെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണ് പ്രഖ്യാപനങ്ങള്‍. കള്ളപ്പണം കണ്ടെത്താന്‍ സാധാരണക്കാര്‍ സഹിക്കുന്ന ബുദ്ധിമുട്ടുകള്‍ പാഴാകില്ലെന്ന് ഇതോടെ ഉറപ്പായി. സത്യസന്ധമായി ജീവിക്കുന്നവര്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നാണ് പ്രഖ്യാപനങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടത്. പലിശ നിരക്ക് കുറച്ച് ബാങ്കുകള്‍ കൂടി സഹകരിക്കുന്നതോടെ ജീവിതച്ചെലവുകള്‍ ഗണ്യമായി കുറയും. ഒരു വീടെന്ന സാധാരണക്കാരന്റെ സ്വപ്‌നം പൂവണിയാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം ഇടയാക്കും. കാര്‍ഷിക വായ്പയുടെ രണ്ടു മാസത്തെ പലിശ എഴുതിത്തള്ളാനുള്ള സര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. ചെറുകിട കച്ചവടക്കാര്‍ക്ക് ഈടില്ലാതെ നല്‍കുന്ന പണത്തിന്റെ പരിധി ഉയര്‍ത്തിയത് വന്‍ ആശ്വാസമാണ്. അതോടൊപ്പം ഗര്‍ഭിണികള്‍ക്കുള്ള സാമ്പത്തിക സഹായം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ തീരുമാനിച്ചതും സാധാരണക്കാര്‍ക്ക് സഹായകരമാണ്. ഇത്തരത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സഹായകരമായ പദ്ധതികള്‍ വരുന്ന ബജറ്റിലും ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ അനുഭവിക്കുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ക്കുള്ള പ്രതിഫലം വിവിധ പദ്ധതികളായി സര്‍ക്കാര്‍ തിരികെ നല്‍കുമെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.