സംസ്ഥാന കേരളോത്സവം: പാലക്കാട് മുന്നില്‍

Sunday 1 January 2017 11:53 pm IST

പത്തനംതിട്ട: തിരുവല്ലയില്‍ നടക്കുന്ന സംസ്ഥാന കേരളോത്സവത്തില്‍ പാലക്കാട് മുന്നില്‍. തിരുവനന്തപുരവും ആലപ്പുഴയും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഇന്നലെ വൈകിട്ട് ഏഴ് വരെ നടന്ന കലാകായിക മത്സരങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ പാലക്കാട് ജില്ല 158 പോയിന്റുകള്‍ നേടി മുന്നിലെത്തി. 143 പോയിന്റുമായി തിരുവനന്തപുരവും 103 പോയിന്റുമായി ആലപ്പുഴയും പിന്നിലുണ്ട്. പതിനാറ് വേദികളിലായി നടക്കുന്ന കലാകായിക മത്സരങ്ങളില്‍ പതിനാല് ജില്ലകളില്‍ നിന്നായി നാലായിരത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. കലാഭവന്‍ മണി നഗറായ തിരുവല്ല എംജിഎം സ്‌കൂള്‍ ഗ്രൗണ്ടാണ് കലാമത്സരങ്ങളുടെ പ്രധാന വേദി. ഒഎന്‍വി കുറുപ്പ് നഗറായ പബ്ലിക് സ്റ്റേഡിയം കായിക മത്സരങ്ങളുടെ പ്രധാന വേദിയാണ്. കേരളോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വൈകിട്ട് നിര്‍വ്വഹിച്ചു. ഇതിന് മുന്നോടിയായി കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സാംസ്‌കാരിക ഘോഷയാത്ര നടന്നു. കേരളോത്സവം മൂന്നിന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.