ആര്‍ട്ട് ഓഫ് ലിവിംഗ് ക്യാമ്പിന് നേരെ സിപിഎം അക്രമം: പ്രതിഷേധം വ്യാപകമാകുന്നു

Monday 2 January 2017 10:34 am IST

കോഴിക്കോട്: കൊയിലാണ്ടി മൂടാടി ഗോഖലെ വിദ്യാലയത്തില്‍ നടന്ന ആര്‍ട്ട് ഓഫ് ലിവിംഗ് ക്യാമ്പിനു നേരെ നടന്ന സിപിഎം അക്രമത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. അക്രമിച്ച ക്രിമിനലുകള്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകാതെ പോലീസ് ഒത്തുതീര്‍പ്പിന് കളമൊരുക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് വിവിധ സംഘടനകള്‍ ആരോപിച്ചു. അക്രമത്തില്‍ ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ അധ്യക്ഷന്‍ കെ.വി. വത്സകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശശികമ്മട്ടേരി, സംഘടനാ സെക്രട്ടറി കെ. ഷൈനു, എം. പ്രേമാനന്ദന്‍, മനോജ് കക്കോടി എന്നിവര്‍ പ്രസംഗിച്ചു. ദാമോദരന്‍ കുന്നത്ത് സ്വാഗതവും അനില്‍ മായനാട് നന്ദിയും പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി ബൈജു കൂമുള്ളി താലൂക്ക് ഭാരവാഹികളായ ഉപേന്ദ്രന്‍ ഉപാസന, കെ.കെ. വിനയന്‍, കെ. മണി കമ്ഠന്‍, കെ. ശിവദാസന്‍, ഷൈജു ഉള്ളിയേരി, ശശി ആനവാതില്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കൊയിലാണ്ടില്‍ നടന്ന ആര്‍ട്ട് ഓഫ് ലിവിങ് ക്യാമ്പിന് നേരെ സിപിഎം ഡിവൈഎഫ്‌ഐ ക്രിമിനലുകള്‍ ആക്രമണം നടത്തിയത് സിപിഎം ഫാസിസത്തിന്റെ ലക്ഷണമാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. ക്യാമ്പിന്റെ സമാപന ദിവസമാണ് സംഘടിച്ചെത്തിയ 25 ഓളം പേര്‍ ആക്രമണം നടത്തിയത്. ബ്രസീലില്‍ വെച്ച് നടന്നസ്‌കൂള്‍ ഒളിംമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ തേവര സ്വദേശിനിയായ ലേഖ, രാഷ്ട്രപതിയുടെ ഗോള്‍ഡ് മെഡല്‍ ജേതാവ് ചെറുവണ്ണുര്‍ സ്വദേശിനിയുമായ നയന ഉള്‍പ്പെടെയുള്ളവരാണ് അക്രമിക്കപ്പെട്ടത്. ഒരു ദളിത് വിദ്യാര്‍ത്ഥിനിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. അക്രമം നടത്തിയ ഡിവൈഎഫ്‌ഐ സിപിഎം ക്രിമിനലുകളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാറിന്റെ പുതുവത്സര സമ്മാനമാണ് ഇന്നലെ അര്‍ദ്ധരാത്രി നടന്ന അക്രമ സംഭവമെന്നും അദ്ദേ ഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.