ശബരിമല പ്രസാദത്തിന്റെ പേരില്‍ ഓണ്‍‌ലൈന്‍ തട്ടിപ്പ്

Monday 2 January 2017 4:01 pm IST

സന്നിധാനം: ശബരിമല പ്രസാദത്തിന്റെ പേരില്‍ ഓണ്‍‌ലൈന്‍ തട്ടിപ്പ്. ഹൈദ്രാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയാണ് പ്രസാദം എത്തിക്കുമെന്ന് കാണിച്ച് പരസ്യം നല്‍കിയിരിക്കുന്നത്. പ്രസാദ വിതരണത്തിനായി ദേവസ്വം ബോര്‍ഡ് ഒരു ഏജന്‍സിയേയും അധികാരപ്പെടുത്തിയിട്ടില്ല. ബുക്ക് മൈ ദര്‍ശന്‍ എന്ന പേരിലുള്ള ഏജന്‍സിയാണ് തട്ടിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ പ്രസാദ കിറ്റിന്റെ വില 639 രൂപയാണ്. രണ്ട് ടിന്‍ അരവണ, അയ്യപ്പന്റെ ഒരു ഛായാചിത്രം, അഭിഷേകം ചെയ്ത നെയ്യ്, നാല് കങ്കണങ്ങള്‍ എന്നിവയാണ് കിറ്റിലുള്ളത്. പാക്കിങ്, പോസ്റ്റല്‍ ചാര്‍ജ് ഉള്‍പ്പടെയാണ് 639 രൂപ. കഴിഞ്ഞ വര്‍ഷം ഇതേരീതിയില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ഇതര സംസ്ഥാന ഏജന്‍സിയെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയിരുന്നു. നിലവില്‍ പ്രസാദ വിതരണത്തിന്റെ ചുമതല സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കിന് മാത്രമാണ്. ദേവസ്വം ബോര്‍ഡ് ഓണ്‍‌ലൈന്‍ വഴി പ്രസാദവിതരണം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല. കെല്‍‌ട്രോണിനെ ചുമതല ഏല്‍പ്പിക്കാനായിരുന്നു തീരുമാനം. 375 രൂപയ്ക്കും 220 രൂപയുടെയും കിറ്റുകള്‍ സന്നിധാനത്ത് വിതരണം ചെയ്യുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.