മഞ്ഞു പെയ്യുന്ന വയനാട്ടില്‍ ഇനി പുഷ്‌പോത്സവകാലം

Saturday 8 April 2017 10:08 pm IST

മഞ്ഞു പെയ്യുന്ന വയനാട്ടില്‍ ഇനി പുഷ്‌പോത്സവകാലം .സത്യം ചാരിറ്റബിള്‍ ട്രസിറ്റിന്റെ നേതൃത്വത്തില്‍ കല്‍പറ്റ ബൈപാസ് ഗ്രൗണ്ടില്‍ നടത്തിവരുന്ന മെഗാ ഫല്‍വര്‍ ഷോ 'വയനാട് വസന്തോത്സവം'ആണ് ആദ്യം വന്നത് .അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പൂപ്പൊലി ഉടനെ വരുന്നു. പിന്നെ വയനാട് ഫ്‌ളവര്‍ഷോ. നിലത്ത് തന്നെ പൂച്ചെടികള്‍ വളര്‍ത്തിയെടുത്തിരിക്കുന്ന എന്ന പ്രത്യേകതയാണ് വസന്തോത്സവത്തെ വേറിട്ട് നിര്‍ത്തുന്നത്. നിലത്ത് പൂത്തുനില്‍ക്കുന്ന സൂര്യകാന്തിപ്പാടം, മെറി ഗോള്‍ഡ് തോട്ടം എന്നിവ സവിശേഷതയാണ്. കൂടാതെ നൂറ് കണക്കിന് കള്ളിച്ചെടികളുള്ള ഡിസേര്‍ട്ട് ഗാര്‍ഡന്‍, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളതും ചൈന, ഇന്തോനേഷ്യ, പോളണ്ട്, തായ്‌ലന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള വ്യത്യസ്തങ്ങളായ കള്ളിച്ചെടികള്‍ വലിയ ശേഖരമുള്ള ശങ്കര്‍ബാലകൃഷ്ണന്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അത്ഭുതനാര് എന്നറിയപ്പെടുന്ന സ്പാനിഷ് മോസാണ് മേളയുടെ മറ്റൊരു വ്യത്യസ്തത. ഇന്ത്യയിലെയും വിദേശത്തെയും നിരവധിയിനം ഓര്‍ക്കിഡുകളുള്ള ഓര്‍ക്കിഡ് ജംഗിള്‍ മേളയിലുണ്ട്. വര്‍ണത്തിലും, ആകൃതിയിലും വൈവിധ്യം പുലര്‍ത്തുന്ന മനോഹരങ്ങളായ ഓര്‍ക്കിഡ് ചെടികള്‍ ഈ വിഭാഗത്തില്‍ മതിയാവോളമുണ്ട്. ഒരു ചെടിയില്‍ നൂറോളം പൂക്കള്‍ വിരിയുന്ന അപൂര്‍വ ചെടികളാണ് സൂര്യകാന്തിപ്പാടത്തെ അലങ്കരിക്കുന്നത്. വിവിധ വര്‍ണങ്ങളുള്ള മെറിഗോള്‍ഡ് പൂക്കള്‍ നിറഞ്ഞ ചെടികളും മേളയിലുണ്ട്. വിവിധ പൂച്ചെടികളാല്‍ നിര്‍മിച്ച ഹാംഗിങ് ഗാര്‍ഡന്‍, വെള്ളത്തില്‍ ഒഴുകി നടക്കുന്ന കാശ്മീരി നൗക, പൂച്ചെടികളിലും പുല്ലുകളിലും തീര്‍ത്ത അലങ്കാരങ്ങള്‍, പലതരം ബോഗന്‍വില്ലകള്‍, ആസ്റ്റര്‍ പെറ്റൂണിയ, നിരവധി ഷേഡുകളിലുള്ള ജെര്‍ബറ, ഡയാന്തസ്, ഡാലിയ, റോസ് തുടങ്ങിയ എണ്ണമറ്റ ചെടികളുടെ ശേഖരവും മേളയിലുണ്ട്. നൂറ് ശതമാനം മുളക്കുന്ന പച്ചക്കറി വിത്തുകളും പൂച്ചെടിവിത്തുകളും വില്‍പന നടത്തുന്ന സീഡ് ബേങ്കും മേളയില്‍ ക്രമീകരിച്ചിട്ടുണ്ട്. മേളയുടെ അവസാനദിവസം നടക്കുന്ന ക്ഷീരമേളയില്‍ വിവിധതരം പശുക്കളും കിടാരികളും വില്‍ക്കാനും വാങ്ങാനും അവസരമുണ്ട്. കര്‍ഷകര്‍ക്ക് അവരുടെ കിടാരികളെ സൗജന്യമായി മേളയില്‍ വെച്ച് വില്‍ക്കാന്‍ സാധിക്കും. വസന്തോത്സവത്തില്‍ രാവിലെ 10 മുതല്‍ രാത്രി എട്ട് മണി വരെയാണ് പ്രവേശനം. കുട്ടികള്‍ക്കായി കാര്‍ണിവലും മേളയില്‍ സജ്ജമാക്കിയിട്ടുണ്ട്. പത്ത് ഏക്കറോളം സ്ഥലത്താണ് പ്രദര്‍ശന നഗരി ഒരുക്കിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.