ഇടുക്കിയില്‍ യുവതി തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയില്‍

Monday 2 January 2017 8:15 pm IST

പീരുമേട്(ഇടുക്കി): ഒഡീഷ സ്വദേശിനിയായ യുവതിയെ തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയില്‍ തേയിലത്തോട്ടത്തില്‍ കണ്ടെത്തി. മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായിരുന്നു. ബാലസോര്‍ ദേവിഗുണ്ഡ യമുന പോലീസ് സ്‌റ്റേഷന് സമീപം കുണ്ടന്‍ മാഗിയുടെ ഭാര്യ സബിത മാഗി(30)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ 12.30 ഒാടെ കുട്ടിക്കാനം കള്ളിവേലില്‍ തേയിലത്തോട്ടത്തിനുള്ളിലാണ് മൃതദേഹം കണ്ടത്. തലയിലും ദേഹത്തും വെട്ടേറ്റ് നഗ്നയായ നിലയിലായിരുന്നു മൃതദേഹം. പീഢന ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് സൂചന. ഞായറാഴ്ച്ച ഭര്‍ത്താവിന് തോട്ടത്തില്‍ പണിയില്ലാതിരുന്നതിനാല്‍ ഇവിടുത്തെ തന്നെ ഒരു ജോലിക്കാരന്റെ വീട്ടില്‍ പണിക്കു പോയിരുന്നു. ഭാര്യയേയും കുഞ്ഞിനെയും സമീപത്തെ ബന്ധുവീട്ടില്‍ നിര്‍ത്തിയ ശേഷമാണ് ജോലിക്ക് പോയത്. വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ കാണാതെ അന്വേഷിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന് താഴെ പുല്‍മേടിനോട് ചേര്‍ന്ന് മൃതദേഹം കണ്ടത്. ഒരുവര്‍ഷമായി ഇരുവരും തേയിലത്തോട്ടത്തില്‍ ജോലിചെയ്ത് വരികയാണ്. ഐജി ശ്രീജിത്ത്, ജില്ലാ പോലീസ് മേധാവി എ.വി. ജോര്‍ജ്ജ്, കട്ടപ്പന ഡിവൈഎസ്പി രാജ് മോഹന്‍, പീരുമേട് സി ഐ സിബുകുമാര്‍, എസ് ഐ ചാര്‍ളി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. അന്യസംസ്ഥാന തൊഴിലാളികളാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയം. സംഭവത്തില്‍ പീരുമേട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സിഐക്കാണ് അന്വേഷണ ചുമതല. മലയാളികള്‍ കുറവുള്ള തോട്ടത്തില്‍ 70ലധികം അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി എടുക്കുന്നുണ്ട്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോര്‍ട്ടം നടക്കും. മരിച്ച സബിതയ്ക്ക് 8 വയസുള്ള മകളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.