ദളിത് യുവാവിനെ കഞ്ചാവ് സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചു

Monday 2 January 2017 9:07 pm IST

സാബു ആശുപത്രിയില്‍ ചികിത്സതേടിയപ്പോള്‍

തൈക്കാട്ടുശ്ശേരി: പുതുവത്സര ദിനത്തില്‍ കഞ്ചാവ് സംഘം പട്ടികജാതി യുവാവിനെ വീട് കയറി മര്‍ദ്ദിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്തില്‍ ഒന്നാം വാര്‍ഡ് പഴയമനഭാഗത്ത് വളവന്‍ചിറ ശാന്തയുടെ മകന്‍ സാബു(37)വിനെയാണ് പുതുവത്സരദിനത്തില്‍ വീട്ടില്‍ കയറി കഞ്ചാവ് സംഘം ആക്രമിച്ചത്.
പതിനഞ്ചോളം വരുന്ന അക്രമിസംഘം പുതുവത്സരദിനത്തില്‍ വെളുപ്പിന് 1.30 ന് വീട്ടില്‍ അതിക്രമിച്ചു കയറി അമ്മയുടെ മുമ്പിലിട്ട് ഇരുമ്പ് ദണ്ഡുപയോഗിച്ച് തലയ്ക്കും നെഞ്ചിനും ക്ഷതമേല്പിക്കുകയും തല്ലി അവശനാക്കുകയും ചെയ്തു. മകനെ തല്ലുന്നതു തടയാന്‍ ശ്രമിച്ച അമ്മയെയും അക്രമികള്‍ വെറുതെ വിട്ടില്ല.
അമ്മയുടെ അടിവയറ്റിത്തിട്ട് ചവിട്ടുകയും ചവിട്ടേറ്റ ശാന്ത ഭിത്തിയിലേയ്ക്ക് തെറിച്ചു വീണു. വീട്ടിലെ കസേരകള്‍ നശിപ്പിച്ച സംഘം ജനാലകളും അടിച്ചു തകര്‍ത്തു. വല്യാറ കേന്ദ്രീകരിച്ചു കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ പതിനഞ്ചംഗ സംഘമാണ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് മര്‍ദ്ദനമേറ്റ യുവാവ് സാബു പറഞ്ഞു.
വീടിന്റെ അയല്‍പക്കത്തുള്ള ബന്ധുവിന്റെ വീടിന്റെ വേലിയും അതിനോട് ചേര്‍ന്ന് കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറിന്റെ ഇലക്ട്രോണിക്‌സ് ടൈമര്‍ ബോക്‌സും കഞ്ചാവ് സംഘം അടിച്ചു തകര്‍ത്തു.
പരിക്കേറ്റ യുവാവിനെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ ചികിത്സയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് പൂച്ചാക്കല്‍ പോലീസ് മൊഴി രേഖപ്പെടുത്തി. നാട്ടില്‍ സൈ്വരജീവിതം ഉണ്ടാക്കുവാനും അക്രമിസംഘത്തെ പിടികൂടുവാന്‍ പൂച്ചാക്കല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കഞ്ചാവ് സംഘത്തെ അമര്‍ച്ച ചെയ്യാന്‍ ജനങ്ങള്‍ ബഹുജന പ്രക്ഷോഭമാരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.