കായംകുളത്ത് വന്‍ കവര്‍ച്ച ; 75 പവനും പണവും അപഹരിച്ചു

Monday 2 January 2017 9:19 pm IST

കായംകുളം: വീട് കുത്തിത്തുറന്ന് ഇരുപതുലക്ഷം രൂപയുടെ സ്വര്‍ണ്ണവും വജ്രാഭരണവും കവര്‍ന്നു. പുള്ളിക്കണക്ക് പാലപ്പള്ളി തേജസില്‍ റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍ സുരേന്ദ്രന്റെ വീട്ടില്‍ കഴിഞ്ഞ രാത്രിയാണ് മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന 75 പവനും വജ്രാഭരണവും ഇരുപത്തയ്യായിരം രൂപയുംഅപഹരിച്ചു. ജില്ലാപോലീസ് ചീഫ് എ. അക്ബര്‍, അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തുള്ള ബന്ധുവീട്ടിലേക്ക് പോയ സുരേന്ദ്രനും കുടുംബവും ഇന്നലെ രാവിലെ തിരികെയെത്തി വീട് തുറന്നപ്പോഴാണ് അലമാര കുത്തിത്തുറന്ന് പണവും ആഭരണങ്ങളും അപഹരിച്ചതായി കണ്ടെത്തിയത്. മുന്‍വാതിലിന്റെ പൂട്ട് കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കള്‍ മുറിയിലുണ്ടായിരുന്ന ഇരുമ്പ് അലമാര കുത്തിപ്പൊളിച്ച് വസ്ത്രങ്ങളും മറ്റും വാരിവലിച്ച് പുറത്തിട്ടിരിക്കുകയായിരുന്നു. വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡിവൈഎസ്പി രാജേഷ്, സിഐ കെ. സദന്‍ എന്നിവര്‍ ഉടനെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടില്‍ ആളില്ലാത്ത സമയം മുന്‍കൂട്ടി അറിയാവുന്നവരോ പുതുവത്സരാഘോഷമായിരുന്നതിനാല്‍ രാത്രിയില്‍ നടന്ന സംഭവം ആരും ശ്രദ്ധിക്കനിടയില്ലെന്ന് മനസ്സിലാക്കിയ വിദഗ്ധരായമോഷ്ടാക്കളോ കവര്‍ച്ചക്കു പിന്നിലെന്നാണ് പോലീസ് നിഗമനം. ആലപ്പുഴയില്‍നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭത്തെ തുടര്‍ന്ന് സിഐ കെ. സദന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട ചില സൂചനകള്‍ ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.