ഹജ്ജ് 2017: ഫോം വിതരണം ആരംഭിച്ചു

Tuesday 3 January 2017 11:28 am IST

കരിപ്പൂര്‍: 2017 ലെ ഹജ്ജ് അപേക്ഷാ ഫോം വിതരണത്തിന്റെയും നവീകരിച്ച ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റിന്റെയും ഹജ്ജ് ട്രൈനേഴ്‌സ് ക്യാമ്പിന്റെയും ഉദ്ഘാടനം മന്ത്രി കെ.ടി.ജലീല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കൂടിയായ വി.അബ്ദുറഹ്മാന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ ബലപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ തടസമുള്ളതിനെ തുടര്‍ന്നാണ് രണ്ട് വര്‍ഷമായി നെടുമ്പാശേരിയില്‍ നിന്ന് ഹജ്ജ് വിമാന സര്‍വീസ് നടത്തുന്നത്. റണ്‍വേയുടെ ജോലി ഏറെക്കുറെ പൂര്‍ത്തിയായി പരിശോധനാഘട്ടത്തിലാണ്. എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിലേക്ക് മാറ്റാനുള്ള ആലോചനകള്‍ സജീവമാണെങ്കിലും അതില്‍ സംസ്ഥാന സര്‍ക്കാറിനും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കും ചെറിയ പങ്കാണുള്ളത്. ഹാജിമാരില്‍ സിംഹഭാഗവും മലബാറില്‍ നിന്നുള്ളവരായതിനാല്‍ കരിപ്പൂരില്‍ നിന്ന് സര്‍വീസ് പുനഃസ്ഥാപിക്കാന്‍ നിതാന്ത പരിശ്രമം നടത്തുമെന്നു മന്ത്രി അറിയിച്ചു. ഈ വര്‍ഷം എഴുപതിനായിരത്തോളം ഹജ് അപേക്ഷകളാണ് പ്രതീക്ഷിക്കുന്നത്. 11,000 പേര്‍ക്ക് അവസരം കിട്ടിയേക്കും. കൂടുതല്‍ ക്വാട്ടയ്ക്കായി ശ്രമം നടത്തും. പ്രതിഫലേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഹജ്ജ് ട്രൈനര്‍മാരുടെ സേവന സന്നദ്ധതയെ മന്ത്രി പ്രകീര്‍ത്തിച്ചു. മറ്റുള്ളവരെ സഹായിക്കാനുള്ള മാനസികാവസ്ഥയാണ് വിശ്വസത്തിന്റെ ബലമെന്നും കരുണാര്‍ദ്രമായ മനസാണ് അതിന്റെ കാതലെന്നും മന്ത്രി പറഞ്ഞു. പാവപ്പെട്ടവനെയും രോഗിയെയും കഷ്ടപ്പെടുന്നവനെയും സഹായിക്കാനാവണം. സേവനം കൊണ്ടാണ് നാം തിരിച്ചറിയപ്പെടേണ്ടത്. പടച്ചവന്‍ വേഷഭൂഷാദികളിലേക്കോ രൂപഭാവങ്ങളിലേക്കോ അല്ല, മനസ്സുകളിലേക്കാണ് നോക്കുന്നതെന്ന നബിവചനവും മന്ത്രി ഉദ്ധരിച്ചു. പരിപാടിയില്‍ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ.എ.കെ. അബ്ദുല്‍ ഹമീദ്, എ.കെ. അബ്ദുറഹ്മാന്‍, ഡോ.ഇ.കെ. അഹ്മദ്കുട്ടി, എം. ശരീഫ്, സി.എച്ച്. മുഹമ്മദ് കുഞ്ഞി, അസിസ്റ്റന്റ് സെക്രട്ടറി ടി.കെ. അബ്ദുറഹ്മാന്‍, കോഡിനേറ്റര്‍ എന്‍.പി. ഷാജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനത്തിന് മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ.ടി. അബ്ദുറഹ്മാന്‍, നിഷാദ് ആലപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.