കേരളത്തെ പൂങ്കാവനമാക്കാന്‍ ജലസ്വരാജ്: കുമ്മനം

Tuesday 3 January 2017 12:17 pm IST

ബിജെപി നടപ്പിലാക്കുന്ന ജലസ്വരാജ് പദ്ധതിയുടെ ശാസ്താംകോട്ടയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സംസാരിക്കുന്നു

ശാസ്താംകോട്ട: പൂവും കായും വനവും നിറഞ്ഞ പൂങ്കാവനമായി കേരളത്തെ വീണ്ടെടുക്കാനാണ് ജലസ്വരാജെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് കേരളമാകെ ഇരുപത് ലക്ഷം ഫലവൃക്ഷത്തൈകള്‍ നടുകയാണ് ലക്ഷ്യം. ഇനിയുള്ള നാളുകള്‍ പരമാവധി വിത്തുകള്‍ സമാഹരിച്ച് പാകിക്കിളിപ്പിച്ച് ജനങ്ങള്‍ക്ക് നല്‍കാന്‍ പാകത്തിലാക്കിയെടുക്കുക എന്നതാണ് പ്രധാനപ്രവര്‍ത്തനം. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ജനകീയ ബോധവല്‍ക്കരണം ബിജെപി മുന്‍കൈയെടുത്ത് നടപ്പാക്കുമെന്ന് ജലസ്വരാജിന്റെ സംസ്ഥാനതല ഉദ്ഘാടനസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

പ്രകൃതിക്ഷോഭം എന്നത് തെറ്റായ പ്രയോഗമാണ്. പ്രകൃതി ഒരിക്കലും ക്ഷോഭിക്കാറില്ല. മനുഷ്യന്‍ പ്രകൃതിയോടുചെയ്യുന്ന ക്രൂരതകളുടെ സ്വാഭാവിക തിരിച്ചടി മാത്രമാണത്. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും കേരളത്തെ തകര്‍ക്കുകയാണ്. രണ്ട് ദിവസം തുടര്‍ച്ചയായി മഴപെയ്താല്‍ ഇവിടെ കാലവര്‍ഷക്കെടുതിയാണ്. രണ്ടുദിവസം വെയിലാണെങ്കില്‍ വരള്‍ച്ചയായി. പമ്പാനദിയുടെ 27 കൈവഴികള്‍ വറ്റിപ്പോയിരിക്കുന്നു. ഭാരതപ്പുഴയുടെ 47 കൈവഴികള്‍ വറ്റി. നദികള്‍ വരണ്ടുപോയിരിക്കുന്നു. മഴവെള്ളം സ്വീകരിക്കാന്‍ ഭൂമിയില്‍ സംവിധാനങ്ങളില്ലാതായി. ഇടവപ്പാതിക്കിനി അധികം നാളുകളില്ല. മണ്ണില്‍ വീഴുന്ന ഓരോതുള്ളി ജലവും സംരക്ഷിച്ച് മഴക്കാലത്തെ ആഘോഷത്തോടെ വരവേല്‍ക്കാനാണ് ജലസ്വരാജ് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്.

ഇപ്പോള്‍ നാല്‍പത് ശതമാനം കണ്ട് മഴകുറവാണ്. ഭൂഗര്‍ഭ ജലവിതാനം കുറഞ്ഞിരിക്കുന്നു. എല്ലാ ജലസ്രോതസ്സുകളും നശിച്ചിരിക്കുന്നു. കേരളം ഭക്ഷ്യപ്രതിസന്ധിയുടെ പിടിയിലാണ്. വേണ്ടതിന്റെ 13 ശതമാനം മാത്രമാണ് ഉല്പാദിപ്പിക്കുന്നത്. 46 ലക്ഷം ടണ്‍ അരി വേണ്ടിടത്ത് ആറ് ലക്ഷം ടണ്‍ മാത്രമാണ് ഉല്പാദനം. അഞ്ച് ലക്ഷം ഹെക്ടര്‍ നിലമുണ്ടായിരുന്നത് രണ്ട് ലക്ഷമായി ചുരുങ്ങി. ഒരു ടണ്‍ മണ്ണ് നീങ്ങുമ്പോള്‍ ആയിരം ലിറ്റര്‍ ജലസംരക്ഷണശേഷിയാണ് ഭൂമിക്ക് നഷ്ടമാകുന്നത്. കാലി സമ്പത്ത് ഇല്ലാതായിരിക്കുന്നു.

കോടികളുടെ പദ്ധതികള്‍ കൊണ്ട് ഒന്നും നടക്കില്ല. അട്ടപ്പാടിക്കും പശ്ചിമഘട്ടത്തിനും വേണ്ടി എത്ര കോടികള്‍ ചെലവഴിച്ചു. ജനങ്ങളുടെ മനസ്സിലേക്ക് പ്രകൃതിസംരക്ഷണത്തിനുള്ള ദൗത്യം പകരുകയും ഒത്തുചേര്‍ന്ന് ജലസ്വരാജിനായി യത്‌നിക്കുകയുമാണ് വേണ്ടതെന്ന് കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.