ആണവ മിസൈല്‍: കൊറിയയുടെ അവകാശവാദത്തെ തള്ളി ട്രംപ്

Tuesday 3 January 2017 12:01 pm IST

വാഷിങ്‌ടണ്‍: അമേരിക്കയെ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ ശേഷിയുള്ള ആണവ മിസൈല്‍ ഉത്തര കൊറിയ വികസിപ്പിക്കുന്നതായുള്ള വാര്‍ത്തയെ തള്ളി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ട്വിറ്ററിലൂടെയാണ് കൊറിയയുടെ അവകാശവാദത്തെ തള്ളി പറഞ്ഞ് ട്രംപ് രംഗത്തെത്തിയത്. അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ആണവ മിസൈല്‍ ഉത്തരകൊറിയ വികസിപ്പിക്കില്ലെന്ന് ട്രംപ് ട്വിറ്ററില്‍ പറഞ്ഞു. ചൈനയ്ക്കെതിരെയും ട്രംപ് ട്വിറ്ററിലൂടെ ആഞ്ഞടിച്ചു. കോടിക്കണക്കിന് പണവും സമ്പത്തുമാണ് ചൈന അമേരിക്കയില്‍ നിന്നും കൊണ്ടുപോകുന്നത്. എന്നാല്‍ ഈ വ്യാപാരം ഒരുവശത്തേക്ക് മാത്രമേയുള്ളൂ. ഉത്തരകൊറിയ വിഷയത്തില്‍ ഒരു തരത്തിലും സഹായകമല്ല ചൈനയുടെ നിലപാടെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ രാജ്യത്തിന് പുതുവല്‍സരദിനസന്ദേശം നല്‍കവെയാണ് ഉത്തരകൊറിയ പുതിയ ആണവശേഷിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്റെ അന്തിമഘട്ടത്തിലാണെന്ന് വ്യക്തമാക്കിയത്. ആധുനികമായ ആയുധങ്ങള്‍ക്കായുള്ള പരീക്ഷണവും നിര്‍മ്മാണവും സജീവമായി മുന്നോട്ടുപോകുകയാണ്. കഴിഞ്ഞ വര്‍ഷം നടത്തിയ രണ്ട് ആണവപരീക്ഷണങ്ങളും വിജയം കണ്ടതോടെ, രാജ്യം ആണവശക്തിയായി കുതിച്ചുയര്‍ന്നെന്നും കിം പറഞ്ഞിരുന്നു. ദക്ഷിണ കൊറിയയുടെ കൂട്ടുപിടിച്ച് അമേരിക്ക നടത്തുന്ന യുദ്ധക്കളി അവസാനിപ്പിക്കണം. അല്ലെങ്കില്‍ സൈനിക ശേഷി വര്‍ധിപ്പിക്കുമെന്ന മുന്നറിയിപ്പും കിം ജോങ് ഉന്‍ നല്‍കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.