വീട് കുത്തിത്തുറന്ന് മോഷണം; അന്വേഷണം ഊര്‍ജ്ജിതമാക്കി

Tuesday 3 January 2017 9:34 pm IST

കായംകുളം: വീട് കുത്തിത്തുറന്ന് ഇരുപതുലക്ഷം രൂപയുടെ സ്വര്‍ണ്ണവും വജ്രാഭരണവും കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. പുള്ളിക്കണക്ക് പാലപ്പള്ളില്‍ തേജസില്‍ റിസര്‍വ്വ് ബേങ്ക് റിട്ട.ഉദ്യോഗസ്ഥനായ സുരേന്ദ്രന്റെ വീട്ടിലെ അലമാരകളില്‍ സൂക്ഷിച്ചിരുന്ന 75 പവനും വജ്രാഭരണവും ഇരുപത്തയ്യായിരം രൂപയുമാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ടാക്കള്‍ അപഹരിച്ചത്. ജില്ലാപോലീസ് ചീഫ് എ.അക്ബര്‍, അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സിഐ: കെ.സദന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ള മോഷണങ്ങള്‍ നടത്തിവരുന്ന മോഷ്ടാക്കളുടെ വിരലടയാളവുമായി വീട്ടില്‍നിന്നു ലഭിച്ച വിരലടയാളങ്ങള്‍ താരതമ്യം ചെയ്തു നോക്കി. ഇതില്‍ രണ്ടുപേരുടെ വിരലടയാളങ്ങളുമായി സാമ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സ്ഥിരീകരിച്ചിട്ടില്ല. മുന്‍വാതിലിന്റെ പൂട്ട് കുത്തിത്തുറന്നായിരുന്നു മോഷണം. വിദഗ്ധരായ മോഷ്ടാക്കളാണ് കവര്‍ച്ചക്കു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. കവര്‍ച്ച നടത്തിയ സംഘം ഏതുപൂട്ടും അനായാസേന തുറക്കാന്‍ കഴിവുള്ളവരാണെന്നും അതിനാലാണ് വാതിലോ പൂട്ടോ തകര്‍ക്കാതെ പൂട്ട് കുത്തിത്തുറന്നതെന്നും പോലീസ് സംശയിക്കുന്നു. മോഷണം നടന്ന വീടിനു സമീപമുള്ള സഹകരണ ബാങ്കിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.