സിപിഎം ആയുധം താഴെ വെക്കാന്‍ തയ്യാറല്ലെന്ന് വീണ്ടും തെളിയിച്ചു: കെ.ശ്രീകാന്ത്

Tuesday 3 January 2017 9:57 pm IST

  ചെറുവത്തൂര്‍: ബിജെപി സ്വാതന്ത്ര്യ സംരക്ഷണ പദയാത്രക്ക് നേരെ നടത്തിയ അക്രമത്തിലൂടെ സിപിഎം ആയുധം താഴെവെക്കാന്‍ തയ്യാറല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ചീമേനിയില്‍ എന്‍ഡിഎ സംഘടിപ്പിച്ച പൊതുയോഗത്തിന് നേരെ സിപിഎം അക്രമം അഴിച്ചുവിടുകയും, എസ് സി-എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍, ജില്ലാ പ്രസിഡന്റ് എ.കെ.കയ്യാര്‍, ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എ.ഭാസ്‌കരന്‍ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം ക്രിമിനല്‍ സംഘം അക്രമം നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം സംസ്ഥാന ഭരണത്തിന്റെ തണലില്‍ പോലീസ് സംവിധാനത്തെ നോക്കുകുത്തിയാക്കി സിപിഎം ജില്ല സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന്‍, എംഎല്‍എ രാജഗോപാല്‍ എന്നിവര്‍ ഇന്നലെ ചെറുവത്തൂരില്‍ കാവല്‍ നിന്ന് വീണ്ടും അക്രമം അഴിച്ചുവിട്ടു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനു പകരം നിങ്ങളാണ് അക്രമകാരികള്‍ എന്ന് പറഞ്ഞ് ആക്രോശിച്ചുകൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിച്ചാര്‍ജ്ജ് നടത്താനും, മാരകമായി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നത് തടയാനുമാണ് പോലീസ് ശ്രമിച്ചത്. അനുമതി ഇല്ലാതെ സംഘടിതരായി എത്തിയ ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകര്‍ പദയാത്രക്ക് നേരെ മാര്‍ച്ച് നടത്തുകയും വീണ്ടും അക്രമം നടത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടും പോലീസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു. സമാധാനമായി നടന്ന പദയാത്രയില്‍ പങ്കെടുത്ത ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ഗ്രനേഡ് എറിഞ്ഞ് യാത്ര അലങ്കോലപ്പെടുത്താനാണ് പോലീസ് ശ്രമിച്ചത്. കല്ലും, ഇരുമ്പ് കൊളുത്തുകളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ബിജെപി പ്രവര്‍ത്തകരെ അക്രമിച്ചപ്പോള്‍ അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം അവരെ സംരക്ഷിക്കുകയാണ് പോലീസ് ചെയ്തത്. ചീമേനിയില്‍ ആക്രമണം ഉണ്ടായിട്ടും പദയാത്ര ആരംഭിക്കുന്നതിനു മുമ്പുതന്നെ നിരവധി തവണ എസ്പി ഉള്‍പ്പെടെയുള്ള ഉന്നത അധികാരികളോട് ആവശ്യപ്പെട്ടിട്ടും മതിയായ സംരക്ഷണം നല്‍കാന്‍ പോലീസ് തയ്യാറായില്ല. തിരിച്ചു വീട്ടിലേക്ക് പോകാന്‍ അനുവദിക്കാതെ പോലീസിനെകൊണ്ട് തടയാനാണ് സിപിഎം ശ്രമിച്ചത്. സിപിഎം ജില്ലയില്‍ ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് അക്രമം തുടരാനാണ് ലക്ഷ്യമെങ്കില്‍ ജനാധിപത്യ രീതിയിലുള്ള കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. സിപിഎം അക്രമത്തെ ബിജെപി ജില്ലാ കമ്മറ്റി ശക്തമായ ഭാഷയില്‍ അപലപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.