കേരള പോലീസിന് നട്ടെല്ലില്ലാത്ത അവസ്ഥ: കെ.പി ശ്രീശന്‍

Tuesday 3 January 2017 9:56 pm IST

ചെറുവത്തൂര്‍: എകെജി സെന്ററില്‍ നിന്നും വിളിച്ച് മുട്ടുമടക്കാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന നട്ടെല്ല് ഇല്ലാത്ത അവസ്ഥയിലേക്ക് കേരളത്തിലെ പോലീസ് മാറിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി ശ്രീശന്‍ മാസ്റ്റര്‍. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ ഏറിയവര്‍ തെരഞ്ഞെടുക്കപ്പെട്ടവരെ തന്നെ ശരിയാക്കികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൃഗം മോശമായാല്‍ കമ്യൂണിസ്റ്റാകുമെന്ന് ഡോ.സുകുമാര്‍ അഴീക്കോട് പറഞ്ഞത് യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുകയാണ്‌കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ പോലും കൊലയ്ക്ക് കൊലയെന്ന ഗുണ്ടാനേതാവിന്റെ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നത്. ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുവത്തൂരില്‍ നിന്നും ചീമേനിയിലേയ്ക് സംഘടിപ്പിച്ചിരിക്കുന്ന സ്വാതന്ത്ര്യ സംരക്ഷണ പദയാത്രയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ബിജെപി നേതാവ് മടിക്കൈ കമാരന്‍, ജനറല്‍ സെക്രട്ടറി പി.രമേശ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. എന്‍ഡിഎ പൊതുയോഗത്തില്‍ അഡ്വ.പി സുധീര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് നേരെ സിപിഎം കാപാലിക സംഘം ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് സ്വാതന്ത്ര്യസംരക്ഷണ പദയാത്ര സംഘടിപ്പിച്ചത്.