കടകളിലെ കവര്‍ച്ച കൗമാരക്കാരന്‍ പിടിയില്‍

Tuesday 3 January 2017 10:32 pm IST

തൃശൂര്‍: കുരിയച്ചിറയിലെ സ്റ്റേഷനറി കടയുടെയും, ഇറച്ചില്‍ വില്‍പ്പന കടയുടേയും പൂട്ടുകള്‍ തകര്‍ത്ത് അകത്തുകടന്ന് പണവും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്ന കേസിലെ പ്രതിയായ കൗമാരക്കാരനെ ഷാഡോ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയായ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനാണ് ഷാഡോ പോലീസിന്റെ പിടിയിലായത്. ഡിസംബര്‍ 25-ാം തീയതി രാത്രി കുരിയച്ചിറയിലെ വെങ്ങിണിശ്ശേരി സ്വദേശിയായ കൂനംപ്ലാക്കല്‍ ജോസഫിന്റെ മകന്‍ സിന്റോയുടെ സ്റ്റേഷനറി കടയുടെ ഷട്ടറിന്റെയും ഗ്രിന്റെയും പൂട്ടുകള്‍ തകര്‍ത്ത് മേശയില്‍ സൂക്ഷിച്ചിരുന്ന പണവും മൊബൈല്‍ റീചാര്‍ജ്ജ് കൂപ്പണുകളും മോഷണം നടത്തിയതായാണ് കേസ്. അന്നുതന്നെ തൊട്ടെതിര്‍വശത്തുള്ള കുരിയച്ചിറ സ്വദേശി ജോസ് എന്നയാളുടെ ഇറച്ചികടയുടെ പൂട്ടുകള്‍ തകര്‍ത്ത് മേശയില്‍സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപയും മോഷണം നടത്തി. പഠനത്തില്‍ മിടുക്കന്‍ കൂട്ടുകെട്ടുകള്‍ വഴിതെറ്റിച്ചു അറസ്റ്റിലായ കൗമാരക്കാരന്‍ പഠനത്തില്‍ മികച്ച നിലവാരം പൂലര്‍ത്തുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ തൊണ്ണൂറുശതമാനത്തോളം മാര്‍ക്ക് നേടിയാണ് ഇയാള്‍ ജയിച്ചത്. പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നുവെങ്കിലും പിന്നീട് മോശപ്പെട്ട കൂട്ടുകെട്ടുകളില്‍ ചെന്ന് ചിലവുകളും ധാരാളിത്തവും കൂടുകയും പണത്തിന്റെ ആവശ്യം കൂടുകയും ചെയ്തതോടെ വിദ്യാര്‍ത്ഥി കളവുകളിലേക്കും മറ്റും തിരിയുകയായിരുന്നു. വിലകൂടിയ സ്‌പോര്‍ട്‌സ് ബൈക്കുകളും ആഡംബര ബൈക്കുകളും മറ്റും വിദ്യാര്‍ത്ഥികള്‍ക്ക് ദിവസവാടകക്ക് നല്‍കുന്ന സംഘങ്ങള്‍ സജീവമായി വരുന്നതായും ഇതിലൂടെ കൗമാരക്കാരും വിദ്യാര്‍ത്ഥികളും വഴിതെറ്റുന്നതായും പോലീസ് പറഞ്ഞു. ബൈക്കുമായി വിദ്യാര്‍ത്ഥികള്‍ പോലീസിന്റെ പിടിയിലായാല്‍ ബൈക്ക് വാടകക്ക് നല്‍കിയവര്‍ പോലീസ് സ്റ്റേഷനിലെത്തുകയും ആവശ്യമായ രേഖകള്‍ കാണിച്ചും പിഴ നല്‍കിയും സ്റ്റേഷനില്‍ നിന്നും ബൈക്ക് ഇറക്കുകയും ചെയ്യുന്നു. നല്‍കിയ ബൈക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുവരുന്നതിന് വലിയൊരു തുക ചിലവായെന്നും അത് തിരികെ നല്‍കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്ത് പണം പിടിച്ചുവാങ്ങുന്നുണ്ട്. അറസ്റ്റിലായ കൗമാരക്കാരന്‍ കടകളില്‍ നിന്ന് മോഷ്ടിച്ചെടുത്ത പണവും മറ്റും പോലീസ് കണ്ടെടുത്തു. നെടുപുഴ എസ്‌ഐ സജിത്ത്കുമാര്‍, ഷാഡോപോലീസ് അംഗങ്ങളായ എം.പി.ഡേവീസ്, വി.കെ.അന്‍സാര്‍, പി.എം.റാഫി, പി.ജി.സുവ്രതകുമാര്‍, ബെനഡിക്‌സ്, കെ.ഗോപാലകൃഷ്ണന്‍, ടി.വി.സജീവന്‍, പി.കെ.പഴനിസ്വാമി, എം.എസ്.ലിഗേഷ്, വിപിന്‍ദാസ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.