യുഡിഎഫില്‍ കോണ്‍ഗ്രസിനെതിരെ ഘടകകക്ഷികള്‍

Wednesday 4 January 2017 3:14 am IST

തിരുവനന്തപുരം: യുഡിഎഫ് നേതൃയോഗത്തില്‍ കോണ്‍ഗ്രസിനെതിരേ രൂക്ഷവിമര്‍ശനവും താക്കീതുമായി ഘടകകക്ഷികള്‍. മുസ്ലീംലീഗും ജെഡിയുവും ആര്‍എസ്പിയും രൂക്ഷവിമര്‍ശനമാണ് നടത്തിയത്. കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങളാല്‍ യുഡിഎഫിനു അനുകൂല സാഹചര്യങ്ങളില്‍ പോലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവാത്ത സ്ഥിതിവിശേഷമാണുള്ളതെന്ന് ലീഗ് വിമര്‍ശനമുന്നയിച്ചു. പൊതുജനമധ്യത്തില്‍ ക്രിയാത്മക പ്രതിപക്ഷമാകാന്‍ യുഡിഎഫിനു കഴിയാത്തതിനു പിന്നില്‍ കോണ്‍ഗ്രസിലെ തമ്മില്‍തല്ലാണ്. ഇനി ഇത്തരത്തില്‍ മുന്നോട്ടു പോകാനാകില്ലെന്നും മറ്റു മാര്‍ഗങ്ങള്‍ ആരായേണ്ടിവരുമെന്നും ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി താക്കീതു നല്‍കി. സഹകരണ വിഷയത്തില്‍ ഏതുതരം സമരമാണ് ഉചിതമെന്നു തീരുമാനിക്കുന്നതില്‍ പോലും കോണ്‍ഗ്രസിനു വീഴ്ച പറ്റി. ലീഗിനൊപ്പം ജെഡിയുവും ആര്‍എസ്പിയും അടക്കം എല്ലാ കക്ഷികളും ചേര്‍ന്നു. ഇതിനെതുടര്‍ന്ന് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയകാര്യസമിതി യോഗം ചേരുമെന്നു കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. യുഡിഎഫ് യോഗത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തെങ്കിലും വിഷയത്തില്‍ പ്രതികരിച്ചില്ല. ഉമ്മന്‍ചാണ്ടി പങ്കെടുത്തില്ലെങ്കിലും ഈ മാസം 14ന് തന്നെ രാഷ്ട്രീയകാര്യ സമിതി ചേരാന്‍ കെപിസിസി നേതൃത്വം തീരുമാനിക്കുകയായിരുന്നു. യോഗത്തിനു മുന്‍പ് ഹൈക്കമാന്‍ഡിനെ ഇടപെടുത്തി ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കാമെന്നാണ് കണക്കുകൂട്ടല്‍. രാഷ്ട്രീയകാര്യസമിതി യോഗ ശേഷം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ പ്രക്ഷോഭം ശക്തമാക്കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിക്കണമെന്നു യോഗത്തില്‍ ആവശ്യമുയര്‍ന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.