ബംഗളുരു: നടുറോഡില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്ത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഈസ്റ്റ് ബംഗളുരുവിലെ കമ്മനഹള്ളിയിലാണ് സംഭവം.സ്കൂട്ടറിലെത്തിയ രണ്ടു യുവാക്കള്‍ ഒരു പെണ്‍കുട്ടിയെ അപമാനിക്കാനും കയറിപ്പിടിക്കാനും ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വഴിയിലൂടെ പോകുന്നവര്‍ ഇത് കാണുന്നുണ്ടെങ്കിലും ഒരാളും പെണ്‍കുട്ടിയുടെ സഹായത്തിനെത്തുന്നില്ല.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഈസ്റ്റ് ബംഗളുരുവിലെ കമ്മനഹള്ളിയിലെ ഒരു വീടിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഓട്ടോറിക്ഷയില്‍നിന്നിറങ്ങി വീട്ടിലേക്കു നടന്നുപോകുന്ന പെണ്‍കുട്ടിയാണ് അപമാനിക്കപ്പെടുന്നത്. കയറിപ്പിടിക്കുന്ന യുവാക്കളെ പെണ്‍കുട്ടി അടിക്കുന്നതും ഉച്ചത്തില്‍ കരയുന്നതും ഇത് കണ്ടുകൊണ്ട് ആളുകള്‍ കടന്നുപോകുന്നതും വീഡിയോയില്‍ കാണാം. പെണ്‍കുട്ടി എതിര്‍പ്പ് തുടര്‍ന്നതിനാല്‍ ഒടുവില്‍ അക്രമികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
പുതുവര്‍ഷരാവില്‍ ബംഗളൂരുവില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമം ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം. നൂറോളം പെണ്‍കുട്ടികളാണ് അന്ന് എംജി റോഡ്, ബ്രിഗ്രേഡ് റോഡ് എന്നിവിടങ്ങളില്‍ ലൈംഗികാതിക്രമത്തിനിരയായത്.
അശ്ലീലം പറഞ്ഞും സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചുമാണ് യുവാക്കളുടെ കൂട്ടം പെണ്‍കുട്ടികളെ അപമാനിച്ചത്. 1500ഓളം പൊലീസുകാര്‍ സ്ഥലത്ത് നിലകൊള്ളുമ്പോഴായിരുന്നു അക്രമങ്ങളുടെ പരമ്പര. പല സംഭവങ്ങളും നടക്കുമ്പോള്‍ പൊലീസുകാര്‍ കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: