വയനാട് കൊടും തണുപ്പിലേക്ക്; താപനില 12 ഡിഗ്രിയില്‍ താഴെ

Wednesday 4 January 2017 6:45 pm IST

കല്‍പ്പറ്റ: കാലാവസ്ഥാ വ്യതിയാനം വയനാട്ടുകാരെ സാരമായി ബാധിച്ചു. ജനുവരി പിറന്നതുതന്നെ കൊടും തണുപ്പിലായിരുന്നു. ഡിസംബര്‍ 31ന് രാത്രി 12ന് പനമരം, തിരുനെല്ലി, പാല്‍വെളിച്ചം തുടങ്ങിയ ഭാഗങ്ങളില്‍ ഊഷ്മാവ് 12 ഡിഗ്രിയിലും താഴെയായി. ബുധനാഴ്ച്ച രാവിലെ ആറിന് തിരുനെല്ലി, തോല്‍പ്പെട്ടി, മേപ്പാടി, പൊന്‍കുഴി ഭാഗങ്ങളില്‍ ശരാശരി താപനില 15 ഡിഗ്രി ആയിരുന്നു. ഒന്‍പത് മണിക്ക് ഇത് 18 ഡിഗ്രിയിലും ഉച്ചക്ക് 22 ഡിഗ്രിയിലുമാണ് എത്തിയത്. വനവാസി ഊരുകളില്‍ രാത്രി തീ ഇട്ടാണ് കിടന്നുറങ്ങുന്നത്. നാല് മണി കഴിയുന്നതോടെ വയനാട് ചുരം കോട അണിയുകയായി. ചുരം കയറി എത്തുന്ന വാഹനങ്ങള്‍ വയനാട് അതിര്‍ത്തിയില്‍ എത്തുന്നതോടെ ഷട്ടറുകള്‍ കൂട്ടത്തോടെ താഴ്ത്തിയിടുന്നതും സാധാരണ കാഴ്ച്ചയാണ്. വയനാടിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ മുന്‍കാലങ്ങളെ അപേക്ഷിച്ച് വ്യത്യാസപ്പെട്ടിരിക്കയാണ്. മുളംകാടുകളുടെ നാശവും കീടനാശിനി പ്രയോഗവും അനധികൃത ഖനനവും നെല്‍വയല്‍ ശോഷണവുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. നട്ടുച്ചക്കുപോലും തണുപ്പാണ് വയനാട്ടില്‍. ഭക്ഷ്യ ക്ഷാമം നേരിട്ട കാലത്ത് വയനാട്ടുകാര്‍ കുളിരിനെ വരവേറ്റിരുന്നു. മാവ് പൂക്കുന്നതും പ്ലാവുകളില്‍ ഇടിച്ചക്ക വിരിയുന്നതുമെല്ലാം തണുപ്പുകാലത്തായിരുന്നു. ഇന്ന് കഥയാകെ മാറി. അന്യ ജില്ലാക്കാരുടെ കുടിയേറ്റമാണ് ഇന്ന് വയനാട്ടിലേക്ക്. ഇവിടെ ജോലി തേടിയെത്തിയ സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിഭാഗവും ഇവിടുത്തുകാരായി മാറി. വയനാടിന്റെ കാലാവസ്ഥാ വ്യതിയാനം ആശങ്കയോടെ കാണണമെന്നാണ് വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ മുന്നറിയിപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.