കല്‍പ്പറ്റ എംഎല്‍എ തോട്ടം മുതലാളിക്ക് സിപിഎം ഓശാന പാടുന്നു : സിപിഐ(എംഎല്‍)

Wednesday 4 January 2017 6:47 pm IST

കല്‍പ്പറ്റ : മേപ്പാടി വിത്തുകാട് കയ്യേറ്റ ഭൂമിയില്‍ സിപിഎം അതിക്രമം നടത്തി എച്ച്എംഎല്‍ കമ്പനിക്കുവേണ്ടി ഓശാന പാടുകയാണെന്ന് സിപിഐ എംഎല്‍ നേതാക്കള്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ജനകീയ വിഷയങ്ങളില്‍ പ്രതികരിക്കാനാവാത്ത സ്ഥലം എംഎല്‍എ തീര്‍ത്തും പരാജയമാണെന്നും ഇവര്‍ പറഞ്ഞു. മോദിയുടെ വഴിയെയാണ് സിപിഎം സഞ്ചരിക്കുന്നതെന്ന് ഇവര്‍ കൂട്ടിചേര്‍ത്തു. 2008 ജനുവരി 25 മുതല്‍ മേപ്പാടി വിത്തുകാട് പ്രദേശം എച്ച്.എം.എല്ലിന്റെ കൈവശം നിന്നും സിപിഐ(എംഎല്‍)ന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്ത് ഇതര ഭൂരഹിതരും അടങ്ങുന്ന നിരവധി കുടുംബങ്ങള്‍ താമസിച്ചുവരുന്നുണ്ട്. ഈ ഭൂമിയിലെ താമസക്കാര്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുന്നതിനും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുമടക്കം സമരങ്ങള്‍ നടത്തി. സമരഭൂമിയെ തകര്‍ക്കുന്നതിന് സിപിഎം സാമൂഹ്യ വിരുദ്ധരെ ഉപയോഗിച്ച് സിപിഐ(എംഎല്‍) നേതൃത്വത്തിനെതിരെ കള്ളക്കേസുകളടക്കം നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. നേതാക്കള്‍ ജയിലിലായ സമയം നോക്കി സമരം പിടിച്ചെടുക്കാന്‍വരെ സിപിഎം നീക്കം നടത്തി. സിപിഐ(എംഎല്‍) നേതാക്കള്‍ക്കെതിരെ കള്ളസാക്ഷി പറഞ്ഞ സിപിഎം പ്രവര്‍ത്തകരായ നാല് കുടുംബങ്ങള്‍ക്ക് കല്‍പ്പറ്റ എംഎല്‍എ സമരഭൂമിയിലെത്തി 2017 ജനുവരി ഒന്നിന് വീട്ട് നമ്പര്‍ പതിച്ച് നല്‍കല്‍ നാടകം നടത്തി. രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത ഇത്തരം വില കുറഞ്ഞ കുതന്ത്രങ്ങള്‍ എംഎല്‍എ അവസാനിപ്പിക്കണമെന്നും സിപിഐ(എംഎല്‍) ആവശ്യപ്പെട്ടു. സിപഎം അധികാരത്തിലേറുന്ന എല്ലാ കാലത്തും വലതുപക്ഷത്തെക്കാള്‍ തീവ്രതയോടെ കോര്‍പ്പറേറ്റ് ഭൂമാഫിയക്ക് പാദസേവ ചെയ്യുന്നതാണ് കേരള ചരിത്രം. ഭൂരഹിതരോട് കൂറ് കാണിക്കുന്നു എന്ന് നടിക്കുന്ന എംഎല്‍എ ഇടതുപക്ഷ സര്‍ക്കാര്‍ ഭൂമാഫിയക്ക് വിടുപണി ചെയ്യുന്നതില്‍ നിശബ്ദത പുലര്‍ത്തുന്നത് അര്‍ത്ഥഗര്‍ഭമാണ്. കൂത്ത്പറമ്പ് രക്തസാക്ഷികളുടെ ചോരയുടെ മണം മാറുന്നതിന് മുമ്പ് സ്വാശ്രയ കോളേജുകള്‍ തുടങ്ങിയവര്‍, ദേവഗൗഡയോടൊപ്പം ചേര്‍ന്ന് റേഷന്‍ സംവിധാനം തകര്‍ത്തവര്‍, ആതുര സേവന മേഖലയിലും പൊതുസ്ഥലങ്ങളിലെ മൂത്രപ്പുരകള്‍ക്ക് പോലും ഫീസേര്‍പ്പെടുത്തിയവര്‍, വ്യവസായ വികസനത്തിന്റെ പേരില്‍ നാമമാത്ര ഭൂമിയില്‍ വീട് വെച്ച് താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുന്നവര്‍ എന്നുവേണ്ട 1957 മുതല്‍ കേരളം ഭരിച്ച് 26,000 ത്തോളം ദളിത് കോളനികളുണ്ടാക്കിയവര്‍, കേരളത്തിലെ എല്ലാ ജന വിരുദ്ധ പദ്ധതികള്‍ക്കും ജനകീയ മുഖം തങ്ങളുടെ സംഘടനാ സംവിധാനം ഉപയോഗിച്ച് ഉണ്ടാക്കിയെടുത്തവരുമാണ് സിപിഐഎം. ഇത്തരത്തില്‍ സിപിഐഎം മുന്നോട്ട് പോകുമ്പോള്‍ അതിനോട് മൗനം ഭജിച്ച് ഭൂരഹിതരുടെയും നിരാലംബരുടെയും മുന്നില്‍ മുതലക്കണ്ണീരൊഴുക്കുകയാണ് എംഎല്‍എ ചെയ്യുന്നത്. അഭ്യര്‍ത്ഥിച്ചു.