പനമരം കൊറ്റില്ലം സംരക്ഷിക്കണം : പൈതൃക സംരക്ഷണ സമിതി

Wednesday 4 January 2017 7:03 pm IST

കല്‍പ്പറ്റ : ആയിരകണക്കിന് പക്ഷികളുടെ ആവാസകേന്ദ്രവും ദേശാടനകിളികളുടെ സംഗമഭൂമിയുമായ പനമരത്തെ കൊറ്റില്ലം പക്ഷിസങ്കേതം സംരക്ഷിക്കണമെന്ന് വയനാട് പൈതൃക സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കൊറ്റില്ലം തകര്‍ത്തുകൊണ്ട് കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുള്ള നീക്കത്തില്‍നിന്നും അധികൃതര്‍ പിന്മാറണം. തലമുറകളായി കൈമാറിവന്ന പ്രകൃതിയുടെ വരദാനത്തെ ആസൂത്രിതമായി തകര്‍ക്കാനുള്ള ഗൂഢശ്രമത്തിലാണ് സംഘടിതമായ ചില ശക്തികള്‍. കൊറ്റില്ലത്തോട് ചേര്‍ന്നുകിടക്കുന്ന പുഴയോരം ഗൂഢ ശക്തികള്‍ കയ്യടിക്കിയിരിക്കുകയാണ്. പ്രദേശത്തെ മനോഹരമായ ആമ്പല്‍ക്കുളം മണ്ണിട്ട് നികത്തി വിപുലമായ ഷോപ്പിംഗ് കോപ്ലംക്‌സ് നിര്‍മ്മിക്കുവാനുള്ള നീക്കം നടക്കുകയാണ്. വിശാലമായ പുഴയോരം നികത്താനുള്ള ശ്രമങ്ങളും നടന്നുവരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരുടെയും സമീപവാസികളുടെയും കനത്ത എതിര്‍പ്പിനെ അവഗണിച്ചാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നത്. മുന്‍ ജില്ലാ കളക്ടര്‍ ഇടപെട്ട് സ്ഥലം സംരക്ഷിക്കുന്നതിന് ഡിഎഫ്ഒയെ ചുമതലപ്പെടുത്തിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കാത്തതില്‍ യോഗം ആശങ്ക രേഖപെടുത്തി. പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും സമിതി തീരുമാനിച്ചു. യോഗത്തില്‍ വയനാട് പൈതൃക സംരക്ഷണ സമിതി പ്രസിഡന്റ് വി.കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേന്ദ്രന്‍ ചെറുകര, ഭാസ്‌ക്കരന്‍, ഗണേശ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.