ജനകീയാസൂത്രണത്തിലൂടെ പാര്‍ട്ടി വളര്‍ത്താന്‍ വീണ്ടും സിപിഎം നീക്കം

Wednesday 4 January 2017 7:40 pm IST

ആലപ്പുഴ: പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുടെ കറവപ്പശുവായ ജനകീയാസൂത്രണത്തില്‍ വീണ്ടും പിടിമുറുക്കാന്‍ സിപിഎം ശ്രമം തുടങ്ങി. തദ്ദേശ സ്ഥാപനങ്ങളില്‍ ആസൂത്രണ സമിതികള്‍ രൂപീകരിച്ച് പദ്ധതി നടത്തിപ്പ് പൂര്‍ണ്ണമായും പാര്‍ട്ടിവത്ക്കരിക്കാനാണ് നീക്കം. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍പ്പെട്ട സന്നദ്ധപ്രവര്‍ത്തകരെയും സാങ്കേതിക വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തിയാകും സമിതി രൂപീകരിക്കുക. പദ്ധതി നടത്തിപ്പ് സമിതി പൂര്‍ണമായും കയ്യടക്കും എന്നര്‍ഥം. പ്രാദേശിക തലങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുക, നിര്‍ജ്ജീവമായ പാര്‍ട്ടി അനുഭാവികളെയും പ്രവര്‍ത്തരെയും സജീവമാക്കുക എന്നിവയാണ് ലക്ഷ്യം. ജനകീയാസൂത്രണത്തിന്റെ തുടക്കത്തില്‍ തന്നെ നെതര്‍ലാന്‍ഡ്‌സിന്റെ പരീക്ഷണപരിപാടിക്ക് സിപിഎമ്മിലെ ഒരു വിഭാഗം കേരളീയരെ ഗിനിപ്പന്നികളാക്കുകയായിരുന്നുവെന്ന് പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ജനകീയാസൂത്രണത്തെ ആദ്യം മുതല്‍ നെതര്‍ലന്‍ഡ്‌സ് അവലോകനം ചെയ്തിരുന്നു. അവരുടെ നിര്‍ദ്ദേശാനുസരണമാണ് പദ്ധതിയെ നിയന്ത്രിക്കാന്‍ പ്രത്യേക മാനദണ്ഡങ്ങള്‍ ഉണ്ടാക്കിയതും വിദഗ്ധസമിതികളെ നിയോഗിച്ചതും. വിദഗ്ദ്ധ സമിതികള്‍ മുഖേനയാണ് സിപിഎം പദ്ധതിയെ നിയന്ത്രിച്ചത്. പദ്ധതിക്കെതിരെ പ്രൊഫ. എം.എന്‍. വിജയന്റെ നേതൃത്വത്തില്‍ ശക്തമായ പോരാട്ടങ്ങളാണ് നടന്നത്. തുടക്കം കുറിച്ചത് 1996ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു. ഇന്നത്തെ ധനമന്ത്രി തോമസ്‌ഐസക് അന്ന് ആസൂത്രണബോര്‍ഡ് അംഗമായിരുന്നു. ഐ.എസ്. ഗുലാത്തിയായിരുന്നു ബോര്‍ഡ് വൈസ് ചെയര്‍മാനെങ്കിലും നിയന്ത്രണം ഐസക്കിനായിരുന്നു. അതിനാല്‍ ജനകീയാസൂത്രണം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ആസൂത്രിതമായി കയ്യടക്കി. തദ്ദേശമന്ത്രി പാലൊളി മുഹമ്മദ് കുട്ടിയെ നോക്കുകുത്തിയാക്കിയായിരുന്നു ഐസക്കും, ശാസ്ത്രസാഹിത്യപരിഷത്തും ജനകീയാസൂത്രണത്തെ ഹൈജാക്ക് ചെയ്തത്. ആദ്യഘട്ടത്തില്‍ ജനകീയാസൂത്രണത്തിലെ വികസനപദ്ധതികള്‍ക്ക് വിദേശ വായ്പകള്‍ക്കുപുറമേ നെതര്‍ലന്‍ഡ്‌സ് സര്‍ക്കാരിന്റെ ഗ്രാന്റും ഉണ്ടായിരുന്നു. 70 ശതമാനം വായ്പയും 30 ശതമാനം ഗ്രാന്റും എന്നതായിരുന്നു വ്യവസ്ഥ. പദ്ധതി തയാറാക്കിയത് നെതര്‍ലന്‍ഡ്‌സായിരുന്നു. റിച്ചാര്‍ഡ് ഫ്രാങ്കി നിര്‍ദ്ദേശിച്ച വികസനപദ്ധതി മൂന്നാംലോക രാജ്യങ്ങളെ കുടുക്കുന്ന സാമ്രാജ്യത്വബുദ്ധിയാണെന്നാണ് എം.എന്‍. വിജയന്‍ ആരോപിച്ചത്. കേരളം പൂര്‍ണമായും എഡിബിയുടെയും ലോകബാങ്കിന്റെയും പിടിയില്‍ അമര്‍ന്നത് ജനകീയാസൂത്രണത്തിന്റെ അരങ്ങേറ്റത്തോടെയാണ്. വന്‍പലിശക്കാണ് എഡിബി കേരളത്തിന് വായ്പ തന്നത്. ഈ പണം എവിടെയെത്തി എന്നു ചോദിച്ചാല്‍ ചൂണ്ടിക്കാട്ടാന്‍ ഒന്നുമില്ല. പാര്‍ട്ടി അണികളും നേതാക്കളും സാമ്പത്തികമായി വളര്‍ന്നതല്ലാതെ സംസ്ഥാനത്തിന് കാര്യമായി നേട്ടവും ഉണ്ടായില്ല. കടം വാങ്ങിയ വിദേശപ്പണം ധൂര്‍ത്തടിക്കുകയായിരുന്നു. 1996ല്‍ ജനകീയാസൂത്രണം തുടങ്ങി പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം നെതര്‍ലന്‍ഡ്‌സ് പിന്‍വാങ്ങിയത് അവര്‍ക്ക് ആവശ്യമുള്ള സഥിതിവിവരക്കണക്കുകള്‍ സമ്പാദിച്ചതിന് ശേഷമായിരുന്നത്രെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.