തൊഴുത്തില്‍ കെട്ടിയിട്ട പശുകിടാവിനെ പുലി കൊന്നു

Wednesday 4 January 2017 9:11 pm IST

മേപ്പാടി: തൊഴുത്തില്‍ കെട്ടിയിട്ട പശുകിടാവിനെ പുലി കൊന്നു തിന്നു. ചൂരല്‍മല സെന്റിനല്‍ റോക്ക് ഫാക്ടറിക്ക് സമീപത്തെ പാടിയില്‍ താമസിക്കുന്ന മാധവിയുടെ രണ്ട് വയസ് പ്രായമുള്ള തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കിടാവിനെയാണ് പുലി കൊന്നത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ശരീരഭാഗം പുതിയിലേറെ തിന്നിട്ടുണ്ട്. തൊഴുത്തിലുണ്ടായിരുന്ന മറ്റൊരു പശു ഓടി രക്ഷപെട്ടു. എസ്റ്റേറ്റ് പാടിക്ക് തൊട്ടടുത്തുള്ള തൊഴുത്തില്‍ നിന്ന് പശുവിന്റെ കരച്ചില്‍ കേട്ട് ആളുകള്‍ പുറത്തിറങ്ങിയപ്പോഴേക്കും പുലി ഓടി മറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ പ്രദേശത്ത് നിന്നും നിരവധി മൃഗങ്ങളെ കാണാതായിട്ടുണ്ട്. ഇത് പുലി പിടിച്ചതാണെന്നാണ് നാട്ടുകാരുടെ സംശയം. നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തില്‍ പുലി ശല്യം രൂക്ഷമായിട്ടും പുലിയെ പിടികൂടാന്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല. പുലിക്ക് പുറമെ കാട്ടാനശല്യവും ഈ പ്രദേശത്ത് രൂക്ഷമാണ്. കഴിഞ്ഞദിവസം രാത്രിയില്‍ ജനവാസ കേന്ദ്രത്തില്‍ കാട്ടാന ഇറങ്ങിയത് ഭീതി പരത്തിയിരുന്നു. തൊഴിലാളികള്‍ താമസിക്കുന്ന പാടികള്‍ക്ക് തൊട്ടടുത്ത് പോലും കാട്ടാനകള്‍ എത്തുകയാണ്. വനാതിര്‍ത്തിയില്‍ വന്യമൃഗ പ്രതിരോധ സംവിധാനങ്ങളില്ലാത്തതാണ് കാട്ടാനയടക്കമുള്ള വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നതിനുള്ള പ്രധാന കാരണം. പുലിയുടെ സാന്നിധ്യമുള്ളതിനാല്‍ തേയിലത്തോട്ടത്തില്‍ സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ ഭയന്നാണ് ജോലി ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.