ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം, സമാധാനപരം ബിജെപി പ്രകടനത്തിന് നേര്‍ക്ക് പോലീസ് കണ്ണീര്‍ വാതക ഷെല്ലുകളെറിഞ്ഞു മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Wednesday 4 January 2017 9:50 pm IST

കാസര്‍കോട്: ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണവും സമാധാനപരവുമായിരുന്നു. കറന്തക്കാട് ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്ന് പ്രകടനമായി നീങ്ങിയ പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് പോലീസ് ലാത്തി വീശി കണ്ണീര്‍ വാതക ഷെല്ലുകള്‍ വലിച്ചെറിഞ്ഞത് നേരിയ സംഘര്‍ഷത്തിന് കാരണമായി. പി.പത്മനാഭന്‍(26), രാജേഷ് അണങ്കൂര്‍(25), അജേഷ് ചൗക്കി(19) എന്നിവര്‍ക്ക് ലാത്തി കൊണ്ട് അടിയേറ്റു. മുഖത്ത് ലാത്തിയടിയേറ്റ രാജേഷിന്റെ മൂക്കിനാണ് പരിക്കേറ്റത്. രാജേഷ് മംഗലാപുരത്തെയാശുപത്രിയില്‍ ചികിത്സ തേടി. പ്രകടനം കഴിഞ്ഞ് സമാധാനപരമായി പിരിഞ്ഞ് പോവുകയായിരുന്ന പ്രവര്‍ത്തകരെ പോലീസ് ലാത്തി വീശിയോടിക്കാന്‍ ശ്രമിച്ചത് അല്‍പസമയം ബഹളത്തിന് കാരണമായി. ബിജെപി നേതാക്കളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയും, ചെറുവത്തൂരില്‍ നിന്ന് ചീമേനിയിലേക്ക് നടത്തിയ സ്വാതന്ത്ര്യ സംരക്ഷണ പദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുകയും ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിനോടനുബന്ധിച്ചുള്ള പ്രകടനങ്ങളില്‍ പ്രതിഷേധമാളിക്കത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ചെറുവത്തൂരും പരിസര പ്രദേശങ്ങളിലും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച് പോലീസിനെ നോക്കു കുത്തിയാക്കി കൊണ്ടാണ് സിപിഎം ക്രിമിനല്‍ സംഘം അഴിഞ്ഞാടിയത്. ചീമേനിയില്‍ പൊതുയോഗം കഴിഞ്ഞ് പോകുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ സിപിഎം ക്രിമിനല്‍ മാരകായുധങ്ങളുമായി അക്രമിച്ചു. ചീമേനി വെളിച്ചം തോട് വെച്ച് പ്രവര്‍ത്തകരുമായി പോകുകയായിരുന്ന ഹോളി മേരി സ്വകാര്യ ബസ്സിനു നേരേ കല്ലേറുണ്ടായി. മുന്‍വശത്തെ ഗ്ലാസ്സ് പൂര്‍ണ്ണമായും തകര്‍ന്നു. കല്ലേറില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ബിജെപി പെരിങ്ങോം പഞ്ചായത്ത് കമ്മറ്റി അംഗം പ്രദീപ് പാടിച്ചാലിനെ (30) ചെറുപുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്നു പോകുകയായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ തിമിരിയിലെ ശശി (55)ക്ക് കല്ലേറില്‍ പരിക്കേറ്റ് തൃക്കരിപ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രവര്‍ത്തകര്‍ സഞ്ചരിച്ച ഒട്ടോറിക്ഷ ഇരുമ്പ് ദണ്ഡ്, വാരി കഷണം തുടങ്ങിയ മാരാകായുധങ്ങള്‍ ഉപയോഗിച്ച് ഉപയോഗിച്ച് അടിച്ചു തകര്‍ത്തു. പ്രവര്‍ത്തകരുടെ കാലിനും കയ്ക്കും സാരമായി പരിക്കേറ്റ് മാവുങ്കാല്‍ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരപ്പയിലെ ടി.വി.മധു (39), കെ.സതീശന്‍ (38), കെ.രതീഷ് (33), ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹക് എം.കുഞ്ഞികൃഷ്ണന്‍ (32) എന്നിവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മാര്‍കിസ്റ്റ് അക്രമത്തിനെതിരെ ബിജെപി ജില്ലാ കമ്മറ്റി ചെറുവത്തൂരില്‍ നിന്നും ചിമേനിയിലേക്ക് നടത്തിയ സ്വാതന്ത്ര സംരക്ഷണ ജാഥയില്‍ പങ്കെടുത്ത് വീട്ടിലേക്ക് പോകുകയായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ ടി.വി.ശശി(52)യെയാണ് മര്‍ദിച്ചത്. ജാഥ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ശശിയെ ചെമ്പ്രകാനത്ത് തടഞ്ഞു വെച്ച് തിമിരി കിരംതോട് സ്വദേശി സുജിത്തിന്റെ നേതൃത്വത്തില്‍ ആറംഗ സിപിഎം സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. സാരമായി പരിക്കേറ്റ ശശിയെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.