പിഞ്ചുകുഞ്ഞിനെ റോഡിലെറിഞ്ഞ സംഭവം; പ്രതിഷേധം ശക്തമാകുന്നു

Wednesday 4 January 2017 9:45 pm IST

തിരൂര്‍: പിഞ്ചുകുഞ്ഞിനെ കാലില്‍തൂക്കി റോഡിലെറിഞ്ഞ സിപിഎം നടപടിക്കെതിരെ വ്യാപക പ്രതിഷേധം. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പോലീസ് അവരെ അറസ്റ്റ് ചെയ്യാത്തതിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. തിരൂര്‍ പടിഞ്ഞാറേക്കര സ്വദേശി തൃക്കണാശ്ശേരി സുരേഷിനെയാണ് സിപിഎമ്മുകാര്‍ ആക്രമിച്ചത്. സുരേഷിനൊപ്പമുണ്ടായിരുന്ന പത്ത് മാസമുള്ള മകന്‍ കാശിനാഥിനെ അക്രമികളിലൊരാള്‍ കാലില്‍തൂക്കി റോഡിലേക്കെറിയുകയായിരുന്നു. അക്രമികളെ സുരേഷ് വ്യക്തമായി കാണുകയും ഈകാര്യം പോലീസിനോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ പോലീസിനായിട്ടില്ല. വിവാദമായ സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കാന്‍ സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളടക്കം ഇടപെട്ടിട്ടുണ്ട്. കുഞ്ഞിനെ ഉപദ്രവിച്ച കേസില്‍ ശിശുക്ഷേമ സമിതി ഇടപെട്ടിട്ടുണ്ട്. ശിശുക്ഷേമ സമിതി കൗണ്‍സിലര്‍മാര്‍ കാശിനാഥ് ചികിത്സയില്‍ കഴിയുന്ന തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. പിഞ്ചുകുഞ്ഞിന് നേരെയുള്ള ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള വഴികള്‍ ആലോചിക്കുമെന്നും ശിശുക്ഷേമ സമിതി അധികൃതര്‍ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷനും, പട്ടികജാതി കമ്മീഷനും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം പിടിഞ്ഞാറേക്കരയിലെ അമ്മമാരുടെ നേതൃത്വത്തില്‍ ഇന്ന് പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കും. പ്രതികളെ പിടികൂടുന്നതുവരെ പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരിക്കാനാണ് പരിപാടി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്യും. ഗുരുതരമായി പരിക്കേറ്റ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാശിനാഥിനെയും അച്ഛന്‍ സുരേഷിനെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.