തിരുവാഭരണ ഘോഷയാത്ര 12ന് പുറപ്പെടും

Wednesday 4 January 2017 9:49 pm IST

ശബരിമല: മകരവിളക്കിന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 12ന് ഉച്ചക്ക് ഒന്നിന് പന്തളം വലിയകോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. പതിനാലിനാണ് മകരജ്യോതി ദര്‍ശനവും സംക്രമപൂജയും. പന്തളം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വച്ചിരിക്കുന്ന തിരുവാഭരണങ്ങള്‍ 12ന് ഉച്ചയോടെ പേടകങ്ങളിലേക്ക് മാറ്റും. പന്തളം രാജാവ് ക്ഷേത്രത്തിലെത്തി പ്രത്യേകം പൂജകള്‍ നടത്തിയതിന് ശേഷമാണ് തിരുവാഭരണങ്ങള്‍ മൂന്ന് പേടകങ്ങളിലേക്ക് മാറ്റുന്നത്. മേല്‍ശാന്തി പൂജിച്ചുനല്‍കിയ ഉടവാളും ഭസ്മവും ഇത്തവണത്തെ രാജപ്രതിനിധിയായ പി.ജി. ശശികുമാര്‍ വര്‍മ്മക്ക് പന്തളം വലിയതമ്പുരാന്‍ കൈമാറുന്നതോടെ തിരുവാഭരണ ഘോഷ യാത്രയ്ക്ക് തുടക്കമാകും. തലച്ചുമടായാണ് മൂന്ന് പേടകങ്ങളും സന്നിധാനത്ത് എത്തിക്കുന്നത്. പ്രധാന പേടകമായ തിരുവാഭരണ പെട്ടിയില്‍ ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താന്‍ പാകത്തിലുള്ള ഇന്ദ്രനീലക്കല്ലുകള്‍ പതിച്ച തിരുമുഖമാണ് പ്രധാനം. കൂടാതെ നവരത്‌നമോതിരം, മണിമാല, ശരപ്പൊളിമാല, എരിക്കിന്‍പൂമാല, ചുരിക, വാള്‍, സ്വര്‍ണത്തളിക, പ്രഭാമണ്ഡലം, ആന, പുലി, പൂര്‍ണ പുഷ്‌കലമാര്‍ എന്നിവ പ്രധാന പെട്ടിയിലുണ്ടാകും. കലശപ്പെട്ടിയില്‍ കളഭാഭിഷേകത്തിനുള്ള സ്വര്‍ണക്കുടം, വെള്ളികെട്ടിയ ശംഖ്, പൂജാപാത്രങ്ങള്‍ എന്നിവയാണുളളത്. മൂന്നാമത്തെ കൊടിപ്പെട്ടിയില്‍ ശബരിമലയില്‍ എഴുന്നെള്ളിപ്പിനുള്ള ജീവത, നെറ്റിപ്പട്ടം, തലപ്പാറ, ഉടുമ്പാറ മലകളുടെ കൊടികള്‍ എന്നിവയാണുണ്ടാവുക . ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 25അംഗ സംഘമാണ് തിരവാഭരണ പേടകങ്ങള്‍ ശിരസ്സിലേറ്റുന്നത്. ആദ്യ ദിവസം അയിരൂര്‍ പുതിയകാവ് ക്ഷേത്ര ത്തിലും രണ്ടാം ദിവസം ളാഹ സത്രത്തിലും ഘോഷയാത്ര വിശ്രമിക്കും. കാല്‍ നടയായുള്ള തിരുവാഭരണ ഘോഷയാത്രയെ പന്തളം രാജപ്രതിനിധിയാണ് അനുഗമിക്കുന്നത് . ശബരിമലയിലെത്തിക്കുന്ന തിരുവാഭരണങ്ങള്‍ ദേവസ്വം ബോര്‍ഡ് അധികൃതരും തന്ത്രിയും ചേര്‍ന്ന് സ്വീകരിക്കും. അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തിയാണ് അന്ന് ദീപാരാധന നടക്കുക. തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.