സിപിഎമ്മില്‍ വെട്ടിനിരത്തല്‍; അരൂരില്‍ ഭരണം നഷ്ടമാകും

Wednesday 4 January 2017 9:56 pm IST

അരൂര്‍: ഇടതു പക്ഷ മുന്നണി ഭരിക്കുന്ന അരൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടപ്പെടും. അച്ചടക്ക നടപടിയെ തുടര്‍ന്ന് അരൂര്‍ സിപിഎം എല്‍സി സെക്രട്ടറി ബി.കെ. ഉണ്ണികൃഷ്ണന്‍, ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ റ്റി.ബി. ഉണ്ണികൃഷ്ണന്‍, എം.പി. ഷൈന്‍ എന്നിവരെ ഇന്നലെ കൂടിയ സിപിഎം അരൂര്‍ ഏരിയാ കമ്മിറ്റി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. സിപിഎം ഏരിയാ സെക്രട്ടറി പി.കെ. സാബുവിന്റെ മദ്ധ്യസ്ഥതയിലിരുന്ന അരൂരിലെ വഴിയിലെ മതില്‍ക്കെട്ട് പ്രശ്‌നം ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് ഏരിയാ സെക്രട്ടറി അറിയാതെ മതില്‍ പൊളിച്ച് വഴിയാക്കിയതിനെ തുടര്‍ന്നാണ് ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള മൂന്നു പേരെയും തരംതാഴ്ത്തിയതെന്ന് അറിയുന്നു. തരംതാഴ്ത്തിയ റ്റി.ബി. ഉണ്ണികൃഷ്ണന്‍ അരൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡിലെ സിപിഎം പ്രതിനിധിയാണ്. തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ച് റ്റി.ബി. ഉണ്ണികൃഷ്ണന്‍ സഹപ്രവര്‍ത്തകരുമായി ആലോചിച്ച് പഞ്ചായത്തംഗത്വം രാജിവെയ്ക്കുവാന്‍ തയ്യാറെടുക്കുകയാണ്. ഇടതുപക്ഷത്തിന് 11 നും യുഡിഎഫിന് 11 നും സീറ്റുവീതം തുല്യതയിലാണ് കക്ഷിനില. നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുത്തത്. ആകെ 22 സീറ്റുള്ള അരൂര്‍ പഞ്ചായത്തില്‍ സിപിഎം പഞ്ചായത്തംഗമായ റ്റി.ബി. ഉണ്ണികൃഷ്ണന്‍ രാജിവെക്കുന്നതോടെ അരൂരില്‍ സിപിഎമ്മിന് ഭരണം നഷ്ടപ്പെടുകയും പ്രസിഡന്റ് ബി. രത്‌നമ്മ രാജിവക്കേണ്ടി വരുമെന്നും ഉറപ്പായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.