കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് ഉത്തരാഖണ്ഡും മണിപ്പൂരും

Wednesday 4 January 2017 10:22 pm IST

കോണ്‍ഗ്രസ് ഇല്ലാത്ത ഭാരതമാണ് ബിജെപിയുടെ പ്രഖ്യാപിത നിലപാട്. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഉത്തരാഖണ്ഡും മണിപ്പൂരും പിടിച്ചെടുത്ത് മുന്നേറാമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് എന്ത് കാര്യമെന്ന് ചോദിച്ച പണ്ടത്തെപ്പോലയല്ല ഇപ്പോഴത്തെ അവസ്ഥ. അഞ്ച് സീറ്റില്‍ നിന്ന് 60 സീറ്റുമായി ആസാം പിടിച്ചെടുത്ത് ബിജെപി ത്രിപുര ചോദിക്കുമ്പോള്‍ അവഗണിക്കാനാകില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം ത്രിപുരയുടെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായകവുമല്ല. ഏതാനും ദിവസം മുന്‍പ് കോണ്‍ഗ്രസ് എംഎല്‍എയും നേതാക്കളും ബിജെപിയിലെത്തിയത് മാറ്റത്തിന്റെ മറ്റൊരുദാഹരണം. താഴ്‌വരയും മലമ്പ്രദേശങ്ങളും ഒരുപോലെ ബിജെപിക്ക് അനുകൂലമാണിപ്പോള്‍. നാഗാ വിഭാഗത്തിന്റെ സാമ്പത്തിക ഉപരോധം മുതലെടുത്ത് ഗോത്രവിഭാഗങ്ങളില്‍ ശത്രുത വളര്‍ത്തി നേട്ടം കൊയ്യാമെന്ന തലതിരിഞ്ഞ രാഷ്ട്രീയമാണ് അവസാനത്തോടടുക്കുമ്പോള്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ് പയറ്റുന്നത്. ഇറോം ശര്‍മ്മിളയുടെ പുതിയ പാര്‍ട്ടി വാര്‍ത്ത സൃഷ്ടിച്ചേക്കാമെങ്കിലും രാഷ്ട്രീയ നേട്ടം ഉണ്ടാക്കില്ല. 16 വര്‍ഷത്തെ നിരാഹാരം അവസാനിപ്പിച്ചപ്പോള്‍ ഒരാള്‍ പോലും ഇറോമിന്റെ സമരം പിന്തുടര്‍ന്നില്ലെന്നത് തന്നെ അവര്‍ക്ക് ജനസ്വാധീനം ഇല്ലെന്ന് വ്യക്തമാക്കുന്നു. അഴിമതിയും വിമതരും ഒരുപോലെ ശ്വാസംമുട്ടിച്ച ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്ത് സര്‍ക്കാരിനെ ജനം തിരസ്‌കരിക്കുമെന്ന് ബിജെപി കരുതുന്നു. വിശ്വാസവോട്ടെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് സാധിച്ചപ്പോഴും വിജയ് ബഹുഗുണയുടെ നേതൃത്വത്തില്‍ ഒന്‍പത് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത് തിരിച്ചടിയായി. മുന്‍ മുഖ്യമന്ത്രിയാണ് ബഹുഗുണ. മുന്‍ മന്ത്രിമാരായിരുന്ന ഹരക് സിംഗ്, കണ്‍വര്‍ പ്രണബ് ചാമ്പ്യന്‍, സത്പാല്‍ മഹാരാജ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.