നഗരഭരണം പരാജയമെന്ന് കൗണ്‍സിലര്‍മാര്‍

Wednesday 4 January 2017 10:21 pm IST

കോട്ടയം: നഗരസഭാകൗണ്‍സില്‍ പരാജയമാണെന്നും ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ ചെയര്‍പേഴ്‌സണ് സാധിക്കുന്നില്ലെന്നും കൗണ്‍സിലര്‍മാര്‍. നഗരസഭാംഗങ്ങളെ ചില ഉദ്യോഗസ്ഥര്‍ അവരുടെ പറമ്പില്‍കിടക്കുന്നവരായി കരുതുന്നുഎന്ന പരാതി മുന്‍ നഗരസഭാദ്ധ്യക്ഷന്‍ തന്നെ കൗണ്‍സില്‍യോഗത്തില്‍ ഉന്നയിച്ചു. ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തിലാണ് ഈ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. സാമ്പത്തികവര്‍ഷം അവസാനിക്കാറായിട്ടും പദ്ധതികളെക്കുറിച്ചോ ഗുണഭോക്താക്കളെക്കുറിച്ചോ നഗരസഭയ്ക്ക് വ്യക്തതയില്ലന്നും കൗണ്‍സില്‍ യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. അംഗീകാരം നേടിയ പദ്ധതികളെക്കുറിച്ചോ, തുകയെക്കുറിച്ചോ ചെയര്‍പേഴ്‌സണും ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ ധാരണയില്ലെന്ന് ചിലനഗരസഭാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. വാര്‍ഡ്‌സഭകള്‍ ചേര്‍ന്നതിന് ശേഷം മുന്‍ഗണനാക്രമത്തില്‍ തയ്യാറാക്കിയ ഗുണഭോക്തൃലിസ്റ്റിന്റെ കരട് രൂപം പോലും പ്രസിദ്ധീകരിക്കാതെ കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചതിലെ അനൗചിത്യവും അംഗങ്ങള്‍ എടുത്തുപറഞ്ഞു. അജണ്ട കൗണ്‍സിലേക്കെടുത്തത് വികസനസമിതിയുടെ അറിവ് പോലും ഇല്ലാതെയാണെന്ന് ഭരണപക്ഷ കൗണ്‍സിലര്‍ സൂസന്‍ കുഞ്ഞുമോന്‍ തന്നെ വിമര്‍ശനമുന്നയിച്ചു. സാമ്പത്തികവര്‍ഷം തീരാന്‍ മൂന്നുമാസം പോലും ഇല്ലെന്നിരിക്കെ പദ്ധതികളെക്കുറിച്ചും, ഗുണഭോക്താക്കളെക്കുറിച്ചും വ്യക്തമായ ധാരണയില്ലാത്തത് പല പദ്ധതികളും മുടങ്ങുന്നതിനിടയാകുമെന്ന് ജനപ്രതിനിധികള്‍ ആശങ്കപ്പെട്ടു. ഇതോടെ പല ഫണ്ടുകളും ചിലവഴിക്കാന്‍ കഴിയാതെ പോവുകയും ചെയ്യും. നിരവധി ആവശ്യക്കാരുള്ള വീട് പുനരുദ്ധാരണ പദ്ധതികള്‍ പോലുള്ളവയ്ക്ക് മറ്റ് പല പദ്ധതികള്‍ മാറ്റിയെടുക്കാമെന്നിരിക്കെ ഇവ ചെയ്യാന്‍ തയ്യാറാകണമെന്ന് മുന്‍ നഗരസഭാദ്ധ്യക്ഷന്‍കൂടിയായ സന്തോഷ് ചൂണ്ടിക്കാട്ടി. .ഇപ്പോഴും നഗരസഭയിലെ പലഉദ്യോഗസ്ഥര്‍ക്കും കമ്പ്യുട്ടര്‍ കൈകാര്യംചെയ്യാനറിയില്ല. അതുകൊണ്ടുതന്നെപ്രത്യേക സോഫ്റ്റ് വെയറിലുടെ അംഗീകാരത്തിന് സമര്‍പ്പിക്കേണ്ട പദ്ധതികള്‍ സമര്‍പ്പിക്കാന്‍ വൈകുന്നു. ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനോ, പദ്ധതി സമര്‍പ്പണം വേഗത്തിലാക്കാനോ ചെയര്‍പേഴ്‌സണ്‍ തയ്യാറായില്ലെന്നും ആരോപണം ഉയര്‍ന്നു. നഗരസഭയില്‍ ഉദ്യോഗസ്ഥരുടെ തന്നിഷ്ടമാണ് നടക്കുന്നതെന്നും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മ നഗരസഭാ ഭരണം തന്നെ തടസ്സപ്പെടുത്തുന്നു എന്നും ബിജെപി പാര്‍ലമെന്ററിപാര്‍ട്ടി നേതാവ് ടി.എന്‍.ഹരികുമാര്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.