പയ്യന്നൂര്‍: വിനോദയാത്രക്ക് പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്സില്‍ ട്രെയ്ലറിടിച്ച് അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കാസര്‍കോട് കാറഡുക്ക ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. മുള്ളേരിയ നീരോടിപ്പറായില് മധുസൂദനന്റെ മകന് അഖില്‍, അടുക്കത്തെ ശ്രീവത്സത്തില്‍ ജയകുമാറിന്റെ മകള്‍ ഐശ്വര്യ, കാറഡുക്കത്തെ വടക്കേക്കര നാരായണന്റെ മകള്‍ ശോഭിത, എന്നിവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും സാരമായി പരിക്കേറ്റ കീഴടുക്കത്തെ എം.സി.രാജന്റ മകന് ശബരീനാഥിന പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 6 മണിയോടെ ദേശീയ പാതയില്‍ വെള്ളൂര്‍ ബാങ്കിന് സമീപത്തായിരുന്നു അപകടം. വിനോദയാത്ര കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു ഇവര്‍.
ഹൈദരാബാദില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ഇരുമ്പ് ഉപകരണങ്ങളുമായിവരികയായിരുന്ന ട്രെയ്ലര് ബസ്സിന്റെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ ലോറി ഡ്രൈവറും ക്ലീനറും ഇറങ്ങിയോടി. ഡ്രൈവര്‍ ചെന്നൈ മണാലി ദ്വാരികാ നഗര്‍ സ്വദേശി മണികണ്ഠന് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: