മുന്‍ ഡിസിസി പ്രസിഡണ്ടിനെതിരെ കുറ്റപത്രവുമായി ക്യാമ്പ് എക്‌സിക്യൂട്ടീവ് തീരുമാനങ്ങള്‍

Wednesday 4 January 2017 11:00 pm IST

കണ്ണൂര്‍: മുന്‍ ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ജില്ലാ കോണ്‍ഗ്രസ്സ് ക്യാമ്പ് എക്‌സിക്യൂട്ടീവ് തീരുമാനങ്ങള്‍. കഴിഞ്ഞദിവസം ചേര്‍ന്ന ക്യമ്പ് എക്‌സിക്യൂട്ടീവ് മുന്‍ ഡിസിസി പ്രസിഡണ്ടിനെതിരെ വിമര്‍ശനങ്ങളടങ്ങിയ കുറ്റപത്രമിറക്കുകയും ചെയ്തു. മുന്‍ പ്രസിഡണ്ടിന്റെ കാലത്ത് കോണ്‍ഗ്രസ്സ് സമസ്തമേഖലയിലും പിന്നോക്കം പോയെന്ന വിലയിരുത്തലാണ് കഴിഞ്ഞദിവസം ചേര്‍ന്ന കോണ്‍ഗ്രസ്സ് യോഗത്തിലുണ്ടായത്. സുരേന്ദ്രന്റെ കാലത്തുണ്ടായ മെല്ലെപ്പോക്ക് നയത്തിന് പകരം സംഘടനാ രംഗം ശക്തിപ്പെടുത്താന്‍ സ്പീഡ് പ്രോഗ്രാം പദ്ധതി തന്നെ ആവിഷ്‌കരിക്കണമെന്നാണ് യോഗത്തിലെ പ്രധാന നിര്‍ദ്ദേശം. വര്‍ഷങ്ങളായി വിളിച്ചുചേര്‍ക്കാത്ത ബ്ലോക്ക് ഭാരവാഹികള്‍, പോഷക സംഘടനാ നേതാക്കള്‍ എന്നിവരെ വിളിച്ചുചേര്‍ക്കണം. കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചാല്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവും പുലര്‍ത്താതെ സ്വന്തം നിലക്ക് പ്രവര്‍ത്തിക്കുകയാണ് ത്രിതല പഞ്ചായത്ത് മെമ്പര്‍മാര്‍ ചെയ്യുന്നത്. ഇവരെ നിയന്ത്രിക്കാന്‍ ഡിസിസി പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്തിരുന്നില്ല. ഇവര്‍ക്ക് വേണ്ടി പ്രത്യേക ശില്‍പശാല നടത്തി പാര്‍ട്ടി ഘടകത്തിന്റെ ഭാഗമാക്കണം. കണ്ണൂര്‍ ജില്ലയില്‍ സഹകരണ മേഖലയില്‍ നിരവധി സ്ഥാപനങ്ങളുണ്ടെങ്കിലും സംഘടനക്ക് ഗുണകരമായ രീതിയില്‍ ഈ മേഖലയെ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. വിദ്യാര്‍ത്ഥികളെയും കുട്ടികളെയും സംഘടനയിലെത്തിക്കാന്‍ നിരവധി വര്‍ഷങ്ങളായി നേതൃത്വം ഒന്നും തന്നെ ചെയ്തില്ല. ജവഹര്‍ ബാലജന സംഘടനക്ക് നേതാക്കളുണ്ടെങ്കിലും ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനം നടപ്പിലാക്കിയിട്ട് വര്‍ഷങ്ങളായി. ഇതര രാഷ്ട്രീയപ്പാര്‍ട്ടികള്‍ കുട്ടികളെയും വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് നിരവധി പരിപാടികളാണ് നടപ്പാക്കുന്നത്. ഇപ്പോഴുള്ള നില തുടര്‍ന്നാല്‍ കോണ്‍ഗ്രസ്സ് വൃദ്ധന്‍മാരുടെ സംഘടനയായിമാറുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കലാ-സാംസ്‌കാരിക-സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കോണ്‍ഗ്രസ്സിന് അപ്രാപ്യമായിട്ട് വര്‍ഷങ്ങളായി. നേരത്തെ കോണ്‍ഗ്രസ്സിനെ അനുകൂലിച്ചവര്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സിന് വേണ്ടി സംസാരിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും നേതൃത്വം വിലയിരുത്തുന്നു. പൊതുവിഷയങ്ങളില്‍ കോണ്‍ഗ്രസ്സിന് വേണ്ടി സംസാരിക്കാന്‍ പാര്‍ട്ടി നേതാക്കളല്ലാതെ മറ്റാരുമില്ലെന്ന അവസ്ഥയാണിപ്പോള്‍. നേരത്തെ കോണ്‍ഗ്രസ്സിന് ജില്ലയില്‍ നിരവധി ക്ലബ്ബുകളുണ്ടായിരുന്നെങ്കിലും നിലവില്‍ സജീവമായ ക്ലബ്ബുകള്‍ ഒന്നുപോലുമില്ലെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി. പാര്‍ട്ടി പ്രവര്‍ത്തകരുള്‍പ്പെട്ട രാഷ്ട്രീയക്കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വന്‍വീഴ്ചയുണ്ടായെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി. യൂത്ത് കോണ്‍ഗ്രസ്സിനും കെഎസ്‌യുവിനും ജില്ലയില്‍ സാന്നിധ്യം പോലുമില്ലാതായെന്നും യോഗം വിലയിരുത്തി. മുന്‍ ഡിസിസി പ്രസിഡണ്ടിന്റെ കാലത്ത് സമസ്ത മേഖലയിലും പാര്‍ട്ടി പിന്നോട്ട് പോയെന്ന പരസ്യവിമര്‍ശനം വരും നാളുകളില്‍ കോണ്‍ഗ്രസ്സിനകത്ത് വന്‍ പൊട്ടിത്തെറിയുണ്ടാക്കും. പി.രാമകൃഷ്ണനും കെ.സുധാകരനും തമ്മിലുണ്ടായിരുന്നത് പോലെ പരസ്യമായ ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് ഇത് വഴിവെക്കുമെന്നാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഭയക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.