തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കേരളത്തിലും ബിജെപിക്ക് നേട്ടം, കോണ്‍ഗ്രസിന് ഒരു സീറ്റ്

Friday 6 January 2017 11:54 am IST

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കേരളത്തിലും ബിജെപിക്ക് നേട്ടം. കൊല്ലം കോര്‍പ്പറേഷനില്‍ ഉള്‍പ്പെടെ മൂന്ന് സീറ്റുകളില്‍ ബിജെപി വിജയിച്ചു. 15 സീറ്റുകളില്‍ കോണ്‍ഗ്രസിനു കിട്ടിയത് ഒരു സീറ്റ്. ഒന്‍പത് സീറ്റു നേടി എല്‍ഡിഎഫ് മുന്നിലെത്തി. മുസ്‌ളീം ലീഗിനും കേരള കോണ്‍ഗ്രസിനും ഓരോ സീറ്റുകിട്ടി. നേട്ടത്തിനിടയിലും പാലക്കാട് ജില്ലയിലെ രണ്ട്് വാര്‍ഡുകള്‍ എല്‍ഡിഎഫിന് നഷ്ടമായത് ശ്രദ്ധേയമായി. നോട്ട് പിന്‍വലിച്ചതിന്റെ പേരില്‍ ഇരുമുന്നണികളും ബിജെപിക്കെതിരെ നടത്തുന്ന ശക്തമായ പ്രചരണം ജനം തള്ളി എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പുഫലം. കൊല്ലം കോര്‍പ്പറേഷനിലെ തേവള്ളി ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ബി. ഷൈലജ 400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കൗണ്‍സിലറായിരുന്ന മകള്‍ കോകില എസ്. കുമാര്‍ വാഹനാപകടത്തില്‍ മരിച്ചതിനെതുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സിപിഎമ്മിലെ എന്‍എസ് ബിന്ദു രണ്ടാം സ്ഥാനത്തെത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍എസ്പിയിലെ എസ്. ലക്ഷ്മി മൂന്നാം സ്ഥാനത്തെത്തി. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ ബിജെപിയിലെ തങ്കപ്പന്‍ പിള്ള 35 വോട്ടിനു ജയിച്ചു. ഇവിടെ തങ്കപ്പന്‍ പിള്ളയുടെ മകന്‍ പ്രകാശ് കഴിഞ്ഞ തവണ ജയിച്ചെങ്കിലും സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പ്രചാരണത്തിനിടയില്‍ കണ്ണില്‍ പ്രാണി കടിച്ചു ഗുരുതരമായി പരുക്കേറ്റതായിരുന്നു കാരണം. പിന്നീട് ശരീരത്തെയാകെ ബാധിച്ചു. ഇപ്പോള്‍ നടക്കാന്‍ പോലും കഴിയില്ല. പെരുമ്പാവൂര്‍ കൂവപ്പടി പഞ്ചായത്ത് 10-ാം വാര്‍ഡാണ് ബിജെപിക്ക് കിട്ടിയ മൂന്നാമത്തെ സീറ്റ്. ഇവിടെ ഹരിനാരായണന്‍ 70 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. മണ്ണാര്‍ക്കാട് തെങ്കര പഞ്ചായത്തിലെ പുഞ്ചക്കോട് വാര്‍ഡാണ് കോണ്‍ഗ്രസിനു കിട്ടിയ ഏകസീറ്റ്. സി. ഉഷ 18 വോട്ടിന് ജയിച്ചു. എല്‍ഡിഎഫ് വാര്‍ഡായിരുന്നു. സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് അംഗം രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കേട്ടോപ്പാടം പഞ്ചായത്തിലെ അമ്പാഴക്കോട് വാര്‍ഡില്‍ ലീഗിലെ ഗഫൂര്‍ കോട്ടൂര്‍ത്താഴത്ത് 48 വോട്ടിനു ജയിച്ചു. എല്‍ഡിഎഫ് വാര്‍ഡായിരുന്നു. അംഗം മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കോട്ടയം ജില്ലയിലെ മുത്തോലി പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കേരള കോണ്‍ഗ്രസ് എം ഒറ്റക്ക് മത്സരിച്ച് വിജയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.