കമ്മ്യൂണിസ്റ്റ് ജന്മിമാര്‍

Thursday 5 January 2017 9:44 pm IST

അനുജനും അനുജത്തിയും പാഠപുസ്തകങ്ങള്‍ വായിക്കുന്നത് കേള്‍ക്കുമ്പോള്‍ മനസ് വല്ലാതെ വേദനിക്കുമായിരുന്നു. തനിക്ക് എന്നെങ്കിലും ഇതൊക്കെ വായിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും മനസിനുണ്ടായി. വൈകുന്നേരം വരെ കൂലിപ്പണി ചെയ്ത് രാത്രികാലങ്ങളിലായിരുന്നു ക്ലാസ്സുകള്‍. പഠിതാക്കള്‍ കുറവുള്ള ദിവസങ്ങളില്‍ അരണ്ട മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലും, കൂടുതലുള്ള ദിവസങ്ങളില്‍ മണ്ണെണ്ണ പന്തത്തിന്റെ വെളിച്ചത്തിലുമായിരുന്നു ക്ലാസ്സുകള്‍ നടന്നുവന്നത്. വാരികകള്‍ വായിക്കുന്നതും പത്രം വായിക്കുന്നതും അക്കാലത്ത് വാര്യര്‍ കുടുംബങ്ങളുടെ കുത്തകയായിരുന്നു. കണക്കുകൂട്ടി കൂലി വാങ്ങാന്‍ പഠിച്ചത് സാക്ഷരാതാ യജ്ഞത്തിലൂടെയാണ്. തരുന്ന പൈസ കുറഞ്ഞുപോയാലും അക്കാലത്ത് മറുചോദ്യങ്ങളൊന്നുമില്ലായിരുന്നു. കൂലി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍തന്നെ പ്രധാന സമരങ്ങള്‍ നടന്നതും തൃശ്ശിലേരിയില്‍ ആയിരുന്നല്ലോ, കൂലി പ്രശ്‌നത്തില്‍ പിന്നീട് സഖാവ് വര്‍ഗീസ് ഇടപെട്ട് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഭൂരിഭാഗം ജന്മിമാരും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരായിരുന്നു. വര്‍ഗീസ് നക്‌സലേറ്റ് ആകാന്‍ കാരണവും സിപിഎമ്മില്‍നിന്ന് നീതി ലഭിക്കാത്തതിനാലാണ്. കോളനിക്കടുത്തുള്ള സ്‌കൂള്‍ മുറ്റത്ത് തെരുവ് സര്‍ക്കസ്സുകാര്‍ എല്ലാവര്‍ഷവും എത്തുമായിരുന്നു. പണം കൊടുക്കാതെ സര്‍ക്കസ്സ് കാണാനുള്ള ഒരു വേദി കൂടിയായിരുന്നു ഞങ്ങള്‍ക്കിത്. ചിലപ്പോള്‍ പണത്തിന് പകരം നാഴി അരിയുംമറ്റും ഞങ്ങള്‍ നല്‍കാറുണ്ട്. ചില സര്‍ക്കസ്സുകാര്‍ക്ക് ബാറ്ററിപെട്ടിയും ഉച്ചഭാഷിണിയും ഉണ്ടായിരുന്നു. റിക്കാര്‍ഡ് പ്ലെയറില്‍കൂടി പുറത്തുവരുന്ന ശബ്ദം കിലോമീറ്ററുകള്‍ദൂരത്തില്‍ കേള്‍ക്കുമായിരുന്നു. ചില ഘട്ടങ്ങളില്‍ കാറ്റടിക്കുമ്പോള്‍മാത്രമാണ് പാട്ട് കേള്‍ക്കുക. റിക്കോര്‍ഡ് പ്ലെയര്‍ കറങ്ങുന്നതു കാണാന്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ സര്‍ക്കസ്സുകാരുടെ അടുത്ത് പോകുമായിരുന്നു. അവര്‍ അതിശയോക്തി കലര്‍ത്തി പലതും പറഞ്ഞ് ഞങ്ങളെ പേടിപ്പിക്കുമായിരുന്നു.സര്‍ക്കസ്സില്‍ നൃത്തം ചെയ്യുന്ന സുന്ദരിയായ ഒരു സ്ത്രീയും ഉണ്ടായിരുന്നു. അത് പുരുഷവേഷം കെട്ടിയ സ്ത്രീയാണെന്ന് കുറെ വര്‍ഷങ്ങള്‍കഴിഞ്ഞാണ് ഞങ്ങള്‍ അറിഞ്ഞത്. അവര്‍ സ്ത്രീകളുടെ ഇടയില്‍ വന്ന് കുശലംപറയുകയും സര്‍ക്കസ്സ് സൈക്കിള്‍ ഓടിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. സമചതുരത്തിലുള്ള കുഴിയില്‍ ഇവര്‍ കിടന്ന് മുകളില്‍ പലക നിരത്തി മണ്ണിട്ട് മണിക്കൂറുകള്‍ക്കുശേഷം ഇവര്‍ പുറത്തുവരും. ഇത്തരത്തില്‍ പല അഭ്യാസപ്രകടനങ്ങളും തെരുവ് സര്‍ക്കസ്സുകാര്‍ കാണിക്കുമായിരുന്നു. റിക്കാര്‍ഡ് ഡാന്‍സ്, വലിച്ചുകെട്ടിയ കമ്പിയിലൂടെയുള്ള നടത്തം, പുറംകൊണ്ട് ട്യൂബ്‌ലൈറ്റ് അടിച്ചുപൊട്ടിക്കല്‍, വാഹനം കടിച്ചുവലിക്കല്‍ തുടങ്ങിയവയെല്ലാം അക്കാലത്തെ കേമമായ പരിപാടികളായിരുന്നു. നാട്ടില്‍ ഒരു സര്‍ക്കസ്സ് വന്നുപോയാല്‍ അടുത്തകൊല്ലത്തെ സര്‍ക്കസ്സിനായി ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു. ഒരു തവണ 15, 20 ദിവസങ്ങള്‍ വരെ സര്‍ക്കസ്സുകാര്‍ നാട്ടിലുണ്ടാവും. അക്കാലത്തെ പ്രധാന വിനോദ ഉപാധി കൂടിയായിരുന്നു സര്‍ക്കസ്സുകാണല്‍. മാനന്തവാടിയില്‍ സിനിമാ ടാക്കീസ്സുകള്‍ഉണ്ടായിരുന്നുവെങ്കിലും പണമില്ലാത്തതിനാല്‍ സിനിമ കാണാന്‍ പോകാറില്ലായിരുന്നു. സിനിമ കണ്ടതാവട്ടെ സ്‌ക്രീനിന്റെ ചുവട്ടില്‍ തറയിലിരുന്നും. സീറ്റിലിരുന്ന് സിനിമ കണ്ടത് മേരികുട്ടി ടീച്ചര്‍കൊണ്ടുപോയപ്പോഴായിരുന്നു. വള്ളിയൂര്‍ക്കാവ് ഉത്സവത്തിന് പോകുമ്പോള്‍ മാനന്തവാടി ശ്രീലക്ഷ്മി ടാക്കീസില്‍ പോയി സിനിമ കണ്ടിട്ടുണ്ട്. ഉത്സവത്തിന്റെ ആറാട്ട് ദിവസം മാനന്തവാടിയിലെ മൂന്ന് ടാക്കീസുകളിലും നേരംവെളുക്കുന്നതുവരെ പ്രദര്‍ശനം ഉണ്ടായിരിക്കും. തെരുവ് സര്‍ക്കസ്സുകാരില്‍നിന്നാണ് നാടകത്തില്‍ അഭിനയിക്കാനുള്ള മോഹമുണ്ടായത്. ജീവിതവും ഒരു നാടകമാണല്ലോ. നിരവധി രംഗങ്ങളുള്ള ഒടുവില്‍ ഒരു ബെല്ലോടെ അവസാനിക്കുന്ന നാടകം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.