ഉപരോധവും പ്രതിരോധവും; മണിപ്പൂരിന് വിശക്കുന്നു

Thursday 5 January 2017 9:56 pm IST

നോട്ട് റദ്ദാക്കലും സമാജ്‌വാദി പാര്‍ട്ടിയിലെ ആഭ്യന്തര രാഷ്ട്രീയവും ചൂടുപിടിപ്പിച്ച മഞ്ഞുകാലത്താണ് രാജ്യം പുതുവര്‍ഷത്തിലേക്ക് പ്രവേശിച്ചത്. മുഖ്യധാരാ മാധ്യമങ്ങളുടെയും ദേശീയ രാഷ്ട്രീയത്തിന്റെയും ഈ ആവലാതികളില്‍ നിന്ന് ഏറെ അകലെയാണ് പുതുവര്‍ഷത്തിലും മണിപ്പൂര്‍. പ്രധാനമന്ത്രിയുടെ പ്രസംഗമോ രാഹുലിന്റെ ഭൂകമ്പമോ അവരെ അലട്ടുന്ന വിഷയമല്ല. കടുത്ത ക്ഷാമത്തിന്റെയും വറുതിയുടെയും നാളുകളിലൂടെയാണ് വര്‍ഷാരംഭത്തിലും മണിപ്പൂരിന്റെ യാത്ര. ജനുവരി ഒന്നിന് രണ്ട് മാസം തികഞ്ഞ നാഗാ വിഭാഗത്തിന്റെ ഹൈവേ ഉപരോധം എന്നവസാനിക്കുമെന്നറിയാതെ നീളുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മണിപ്പൂരിലെ കോണ്‍ഗ്രസ് ഭരണനേതൃത്വം നടപ്പാക്കിയ പുതിയ ജില്ലാ രൂപീകരണമാണ് ഉപരോധത്തില്‍ കലാശിച്ചത്. മതിയായ ആലോചനയില്ലാതെ ഏഴ് ജില്ലകള്‍ രൂപീകരിക്കുമ്പോള്‍ കുകി വിഭാഗത്തിന്റെ വോട്ടുകളായിരുന്നു മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിന്റെ മനസ്സില്‍. ഭരണം എളുപ്പത്തിലാക്കുന്നതിന് പുതിയ ജില്ലകള്‍ കാലങ്ങളായുള്ള ആവശ്യമായിരുന്നെങ്കിലും യാഥാര്‍ത്ഥ്യ ബോധത്തോടെയല്ല തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സര്‍ക്കാര്‍ സമീപിച്ചത്. കുകി, നാഗാ വിഭാഗങ്ങള്‍ പാര്‍ക്കുന്ന മലമ്പ്രദേശത്തെ അഞ്ച് ജില്ലകളും മീതെയ് വിഭാഗം വസിക്കുന്ന താഴ്‌വരയിലെ രണ്ട് ജില്ലകളും പുതിയ ജില്ലകള്‍ക്കായി വെട്ടി മുറിച്ചു. തങ്ങളെ വിഭജിക്കാനാണ് ജില്ലാ രൂപീകരണമെന്ന് ആരോപിച്ച് നാഗാ വിഭാഗം രംഗത്തെത്തി. നിയമാനുസൃതമായി രൂപീകരിക്കപ്പെട്ട ഹില്‍ ഏരിയ കമ്മറ്റികളുമായി ആലോചിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. 1971ലും ജില്ലാ രൂപീകരണത്തെ നാഗവിഭാഗക്കാര്‍ എതിര്‍ത്തിരുന്നു. നാഗാവിഭാഗം ഭൂരിപക്ഷമായിരുന്ന ജില്ല വിഭജിച്ച് കുകി വിഭാഗങ്ങള്‍ക്കായി സദര്‍ ജില്ല രൂപീകരിച്ചതാണ് അവരെ ഏറെ പ്രകോപിപ്പിച്ചത്. സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചതോടെ വിവിധ നാഗാ സംഘടനകളുടെ സംയുക്ത സംഘടന യുണൈറ്റഡ് നാഗാ കൗണ്‍സില്‍ (യുഎന്‍സി) സാമ്പത്തിക ഉപരോധവുമായി രംഗത്തെത്തി. നാഗാലാന്റിലൂടെ ആസാമുമായി ബന്ധിപ്പിക്കുന്ന എന്‍എച്ച് രണ്ടും മിസോറാമിലൂടെ ആസാമുമായി ബന്ധിപ്പിക്കുന്ന എന്‍എച്ച് മുപ്പത്തിയേഴും ഉപരോധിച്ച് നവംബര്‍ ഒന്നു മുതല്‍ യുഎന്‍സി സമരത്തിനിറങ്ങി. റെയില്‍വേ സൗകര്യങ്ങള്‍ ഏറെയില്ലാത്ത മണിപ്പൂരിന്റെ ജീവനാഡിയാണ് രണ്ട് ഹൈവേകളും. നാഗാ വിഭാഗത്തിന്റെ കയ്യിലുള്ള മലമ്പ്രദേശത്തു കൂടിയാണ് ഹൈവേകള്‍ താഴ്‌വരയിലേക്ക് പ്രവേശിക്കുന്നത്. അതിര്‍ത്തി കടന്ന് ചരക്കു വാഹനങ്ങള്‍ എത്താതായതോടെ താഴ്‌വര പട്ടിണിയിലായി. അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിട്ടു. വിലക്കയറ്റം പത്തിരട്ടിയോളം വര്‍ദ്ധിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് ഇരുനൂറ് രൂപയും പാചകവാതകത്തിന് രണ്ടായിരം രൂപയും നല്‍കണം. സ്‌കൂളുകള്‍ അടച്ചിട്ടു. അവശ്യമരുന്നുകള്‍ പോലും ലഭിക്കാനില്ലാതായി. ഉപരോധത്തില്‍ സഹികെട്ട് താഴ്‌വരയിലെ മീതെയ് വിഭാഗം തിരിച്ചും ഉപരോധം ആരംഭിച്ചതോടെ സംസ്ഥാനം അക്രമത്തിലേക്ക് നീങ്ങി. താഴ്‌വരയില്‍ നിന്ന് മലമ്പ്രദേശത്തേക്ക് കാര്‍ഷിക വിളകള്‍ കൊണ്ടുപോകുന്നത് തടയപ്പെട്ടു. ഡിസംബര്‍ 18ന് ഇരുപതിലേറെ വാഹനങ്ങള്‍ താഴ്‌വരയില്‍ ആക്രമിക്കപ്പെട്ടു. മലമ്പ്രദേശത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തീയിട്ടു. ട്രക്കുകള്‍ തകര്‍ത്തു. പലയിടങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനം അരാജകത്വത്തിലേക്ക് നീങ്ങുമ്പോഴും പ്രശ്‌നം പരിഹരിക്കാതെ സര്‍ക്കാര്‍ ഉറക്കം നടിക്കുന്നു. സംസ്ഥാനത്തെ കലാപത്തിന്റെ വക്കിലെത്തിച്ച് രാഷ്ട്രീയ ചൂതാട്ടം നടത്തുകയാണ് കോണ്‍ഗ്രസ്. കുകി വിഭാഗത്തെ പ്രീണിപ്പിക്കാന്‍ നടത്തിയ ജില്ലാ രൂപീകരണം ആളിക്കത്തുന്നത് മീതെയ് വിഭാഗത്തിന്റെ വോട്ടുറപ്പിക്കാനുള്ള നേട്ടമാക്കി മാറ്റാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. വിവിധ ഗോത്രവിഭാഗങ്ങളും വിഘടനവാദ ശക്തികളും ഒരുപോലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മണിപ്പൂരിലെ രാഷ്ട്രീയം മറ്റിടങ്ങളിലെ സമവാക്യങ്ങളുമായി ചേര്‍ന്നുപോകുന്നതല്ല. 2011ലെ സെന്‍സസ് പ്രകാരം താഴ്‌വരയില്‍ 58.9 ശതമാനവും മലമ്പ്രദേശത്ത് 41.1 ശതമാനവുമാണ് ജനസംഖ്യ. ഹിന്ദുക്കള്‍ 41.35 ശതമാനവും ക്രൈസ്തവര്‍ 41.25 ശതമാനവും. ഹിന്ദുക്കളില്‍ ഭൂരിഭാഗവും മീതെയ് വിഭാഗമാണ്. ക്രൈസ്തവരില്‍ കുകികളും നാഗകളും. ഗോത്രങ്ങള്‍ തമ്മിലുള്ള കുടിപ്പകയ്ക്കും സംഘര്‍ഷത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തൊണ്ണൂറുകളില്‍ കുകി വിഭാഗത്തിനെതിരെ നാഗാ ഭീകരവാദ സംഘടനയായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് (എന്‍എസ്‌സിഎന്‍) നടത്തിയ വംശീയ ഉന്മൂലനം നൂറ് കണക്കിന് ജീവനുകള്‍ അപഹരിച്ചു. ആസാം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, നാഗാലാന്റ് എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളും മ്യാന്‍മറിന്റെ ചില പ്രദേശങ്ങളും ഉള്‍പ്പെടുത്തി നാഗാവിഭാഗത്തിന് പ്രത്യേക രാജ്യത്തിനായാണ് (ഗ്രേറ്റര്‍ നാഗാലാന്റ്) എന്‍എസ്‌സിഎന്‍ ആയുധമെടുക്കുന്നത്. ക്രൈസ്തവ പരമാധികാര രാജ്യമാണ് തങ്ങളുടെ ലക്ഷ്യമെന്ന്് തുറന്നു സമ്മതിക്കുമെങ്കിലും എന്‍എസ്‌സിഎന്നിനെ 'ക്രൈസ്തവ ഭീകരവാദ സംഘടന'യെന്ന് വിളിക്കാന്‍ മാധ്യമങ്ങളോ രാഷ്ട്രീയ പാര്‍ട്ടികളോ തയ്യാറല്ല. വികസന പദ്ധതികള്‍ നേടിയെടുക്കാന്‍ കേന്ദ്ര ഭരണത്തോടൊപ്പം നില്‍ക്കുന്ന രാഷ്ട്രീയമാണ് മലമ്പ്രദേശത്തേത്. ഇത്തവണ തെരഞ്ഞെടുപ്പില്‍ കുകി, നാഗാ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാകുമെന്ന് വ്യക്തം. ഈ സാഹചര്യത്തില്‍ കുകികളെ കൂടെനിര്‍ത്താനാണ് തിരക്കിട്ട് ജില്ലകള്‍ വെട്ടിമുറിച്ചത്. ഉപരോധം ശക്തമായതോടെ നാഗാവിരുദ്ധ മനോഭാവമുണ്ടാക്കി മെയ്തി വിഭാഗത്തിന്റെ വോട്ടുനേടാനും കോണ്‍ഗ്രസ് ശ്രമം തുടങ്ങി. മുഖ്യമന്ത്രി ഇബോബി സിംഗ് മെയ്തി വിഭാഗക്കാരനാണ്. കൂടുതല്‍ സീറ്റുള്ള താഴ്‌വരയും ബിജെപിക്ക് അനുകൂലമാണിപ്പോള്‍. ഉപരോധം കേന്ദ്ര സര്‍ക്കാരിന്റെ തലയിലിടാനും നീക്കമുണ്ടായി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചര്‍ച്ചകളിലൂടെ സമാധാനം പുനസ്ഥാപിക്കണമെന്നും വികസനം യാഥാര്‍ത്ഥ്യമാക്കണമെന്നുമാണ് മോദി സര്‍ക്കാരിന്റെ നിലപാട്. ഇതിന് എന്‍എസ്‌സിഎന്നിലെ ഒരു വിഭാഗവുമായി സര്‍ക്കാര്‍ സമാധാന കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ എന്‍എസ്‌സിഎന്നിനൊപ്പമെന്നായിരുന്നു കോണ്‍ഗ്രസ് പ്രചാരണം. ഇന്ത്യാ ടുഡെ-ആക്‌സിസ് സര്‍വ്വെ മണിപ്പൂരില്‍ ബിജെപി ഭരണത്തിലെത്തുമെന്ന് വ്യക്തമാക്കുന്നു. മൂന്ന് തവണ മുഖ്യമന്ത്രിയായ ഇബോബിക്ക് പടിയിറങ്ങേണ്ടി വരും. ഈ സാഹചര്യത്തില്‍ സംഘര്‍ഷങ്ങളുടെ നീണ്ട ചരിത്രമുള്ള മണിപ്പൂരില്‍ നിലനില്‍പ്പിനായി ഗോത്രവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ് കോണ്‍ഗ്രസ്. ഉപരോധം നേരിടാന്‍ ആവശ്യത്തിന് കേന്ദ്രസേനയെ അയച്ചതായി മണിപ്പൂരിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് സംസ്ഥാനം ഉപയോഗിച്ചില്ല. ആസാം റൈഫിള്‍സ്, ബിഎസ്എഫ്, സിആര്‍പിഎഫ് എന്നീ അര്‍ദ്ധസൈനിക വിഭാഗങ്ങളും സൈന്യവും സംസ്ഥാന പോലീസും ഉണ്ടായിട്ടും വാഹനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. ഉപരോധം അവസാനിപ്പിക്കാനും വാഹനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും നവംബര്‍ 25ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശക്തമായ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും നിര്‍ദ്ദേശം നല്‍കി. എന്നിട്ടും ഫലമുണ്ടായില്ല. ഉപരോധം തെരഞ്ഞെടുപ്പ് വരെയെങ്കിലും തുടരേണ്ടത് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ആവശ്യമാണ്. പ്രാദേശികവാദവും വിഘടനവാദവും കൂടിക്കുഴഞ്ഞ മണിപ്പൂരില്‍ സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് നേരിട്ട് ഇടപെടുന്നതില്‍ കേന്ദ്രത്തിന് പരിമിതിയുണ്ട്. കോണ്‍ഗ്രസ് ഇത് പ്രചാരണ ആയുധമാക്കാനും സാധ്യതയേറെ. എന്‍എസ്‌സിഎന്നിന്റെയും നാഗാ വിഭാഗത്തിന്റെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ തടയിടാറില്ല. അതേസമയം, ഇത് ചൂണ്ടിക്കാട്ടി വൈകാരിക അന്തരീക്ഷമുണ്ടാക്കി മറ്റ് വിഭാഗങ്ങളുടെ പിന്തുണയും നേടും. 2011ല്‍ 121 ദിവസമാണ് ഉപരോധമുണ്ടായത്. ഇതിനുശേഷം ചെറുതും വലുതുമായ ഒട്ടേറെ ഉപരോധങ്ങള്‍ താഴ്‌വരയെ പ്രതിസന്ധിയിലാക്കി. വര്‍ഗ്ഗീയ കലാപത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുമ്പോഴും താല്‍ക്കാലിക ലാഭത്തിനായി ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത ആളിക്കത്തിച്ച് അപകടകരമായ രാഷ്ട്രീയം പയറ്റുകയാണ് കോണ്‍ഗ്രസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.