പ്രതിപക്ഷത്തിന്റെ ബജറ്റ് ഭീതി

Thursday 5 January 2017 10:16 pm IST

ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് എട്ട് വരെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്നതിനാല്‍ കേന്ദ്ര ബജറ്റ് അവതരണം ഫെബ്രുവരിയില്‍ നടത്തരുതെന്ന് അപേക്ഷിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍ എന്നീ പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുകയാണ്. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. ബജറ്റ് അവതരണം ഭരണഘടനാ നടപടിയാണെന്നും അത് പ്രാദേശിക തെരഞ്ഞെടുപ്പുകളുടെ പേരില്‍ മാറ്റിവയ്ക്കുന്ന പ്രശ്‌നമില്ലെന്നുമാണ് ബിജെപി നിലപാട്. നരേന്ദ്രമോദി നടപ്പാക്കിയ ഡിമോണിറ്റൈസേഷന്‍ വിപരീത ഫലം സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷത്തിന്റെ ബജറ്റ് ഭീതി പരിഹാസ്യമാണ്. 2014 ലെ തെരഞ്ഞെടുപ്പിന് മുന്‍പും ലോക്‌സഭയില്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതാണ്. പക്ഷേ ബജറ്റിലെ ജനനന്മ കേന്ദ്രീകരിച്ചുള്ള പ്രഖ്യാപനങ്ങള്‍ തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ഭീതിയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പ്രതിപക്ഷം വാദിക്കുന്നു. യഥാര്‍ത്ഥത്തില്‍ ജനങ്ങളോട് എന്ത് പറഞ്ഞ് വോട്ട് ചോദിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് പ്രതിപക്ഷം. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെ സ്ഥാപിത താല്‍പര്യം വച്ച് കണ്ണുമടച്ച് എതിര്‍ക്കുകയായിരുന്നല്ലോ അവര്‍. ക്രിയാത്മകമായ ഒരു നിര്‍ദ്ദേശവും പ്രതിപക്ഷം സര്‍ക്കാരിന്റെ മുന്നില്‍ വെക്കുകയുണ്ടായില്ല. ജനങ്ങളോട് വോട്ടഭ്യര്‍ത്ഥിക്കാന്‍ ബിജെപിക്ക് നിരവധി കാര്യങ്ങളുണ്ട്. ഇതുകൊണ്ടുതന്നെ ബജറ്റ് മാറ്റിവെക്കണമെന്ന ആവശ്യം പ്രതിപക്ഷത്തിന്റെ ആശയപാപ്പരത്തത്തെയും രാഷ്ട്രീയബലഹീനതയെയുമാണ് കാണിക്കുന്നത്. ബജറ്റിലെ ജനപ്രിയ കാര്യങ്ങള്‍ ജനങ്ങളെ ബിജെപിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുമെന്ന ഭീതിയിലാണ് പ്രതിപക്ഷം. സ്വതന്ത്രവും നിഷ്പക്ഷവുമായാണ് തെരഞ്ഞെടുപ്പ് നടക്കുക. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ പ്രതിപക്ഷത്തിന് ജനങ്ങളുടെ മുന്‍പാകെ വയ്ക്കാം. മോദി സര്‍ക്കാര്‍ ജനവിരുദ്ധമാണെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രതിപക്ഷം ബജറ്റിനെ പേടിക്കുന്നതെന്തിനാണ്? ബജറ്റ് അവതരണത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുന്നതു തന്നെ പ്രതിപക്ഷത്തിന്റെ പരാജയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. തെരഞ്ഞെടുപ്പുകളുടെ സ്വന്തം നാടായ ഇന്ത്യയില്‍ ഏതെങ്കിലും ഒരു സമയത്ത് ഏതെങ്കിലുമൊക്കെ തെരഞ്ഞെടുപ്പുകള്‍ നടക്കും. ബജറ്റ് മാര്‍ച്ച് എട്ടിനുശേഷം മാത്രമേ അവതരിപ്പിക്കാവൂ എന്നാണ് പ്രതിപക്ഷം നിര്‍ദ്ദേശിക്കുന്നത്. ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ ബജറ്റ് അവതരിപ്പിക്കേണ്ടത് ആവശ്യമാണ്. സര്‍ക്കാരിന്റെ പ്രധാനപ്പെട്ട പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് വേണ്ടിയാണിത്. ഇതനുസരിച്ചാണ് ബജറ്റവതരണം ക്രമീകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങള്‍ പ്രത്യേകിച്ച് ഉത്തര്‍പ്രദേശ്, ബിജെപിയെപ്പോലെ മറ്റ് കക്ഷികള്‍ക്കും പ്രധാനമാണ്. ഉത്തര്‍പ്രദേശില്‍ ആരു ജയിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വര്‍ഷംതന്നെ നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ജയം നിര്‍ണയിക്കപ്പെടുക. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയം സ്വാധീനിക്കും. ഉത്തര്‍പ്രദേശിന് പുറമെ പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി 11, 15, 19, 23, 27, മാര്‍ച്ച് 4, 8 എന്നീ തീയതികളിലാണ് യുപി വോട്ടെടുപ്പ്. മണിപ്പൂരില്‍ മാര്‍ച്ച് നാല്, എട്ട് തീയതികളിലും, പഞ്ചാബിലും ഗോവയിലും ഫെബ്രുവരി നാലിനും, ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 13നുമാണ് വോട്ടെടുപ്പ്. മാര്‍ച്ച് 11 ന് ഫലപ്രഖ്യാപനം നടക്കും. 690 മണ്ഡലങ്ങളില്‍ 1.85 ലക്ഷം പോളിംഗ് ബൂത്തുകളിലായി 16 കോടി വോട്ടര്‍മാരാണ് വിധി എഴുതുന്നത്. അഞ്ച് സംസ്ഥാനങ്ങളിലും ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപയോഗിക്കും. 85,000 സുരക്ഷാ ഉദ്യോഗസ്ഥരെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. നോട്ട് റദ്ദാക്കല്‍, പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണം തുടങ്ങി രാജ്യത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍ക്ക് ശേഷം നടക്കുന്ന ഈ തെരഞ്ഞടുപ്പുകള്‍ നിര്‍ണായകം തന്നെയാണ്. ഉത്തര്‍പ്രദേശ് ബിജെപി നേടുമെന്നാണ് ഇന്ത്യാ ടുഡേ-ആക്‌സിസ് സര്‍വേ പ്രവചനം. ബിജെപി 206 മുതല്‍ 216 സീറ്റുകള്‍ വരെ നേടുമെന്നാണ് പറയുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 76 ശതമാനം നോട്ട് അസാധുവാക്കലിനെ പിന്തുണക്കുന്നവരും കള്ളപ്പണം പുറത്തുവരുമെന്ന് വിശ്വസിക്കുന്നവരുമാണ്. പ്രതിപക്ഷത്തിന്റെ ബജറ്റ് ഭീതിയുടെ കാരണം ഇതില്‍നിന്ന് വ്യക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.