ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു

Thursday 5 January 2017 10:20 pm IST

കോട്ടയം: കള്ളപ്പണത്തിനെതിരെയും അക്രമരാഷ്ട്രീയത്തിനെതിരെയും റേഷന്‍വിതരണം തടസ്സപ്പെടുത്തിയതിനെതിരെയും ബിജെപി നയിക്കുന്ന മേഖലാ ജാഥകളുടെ പ്രചരണത്തിനായി സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ കോട്ടയം നിയോജകമണ്ഡലം പ്രതിഷേധിച്ചു. കോടിമത പാലത്തിന് സമീപവും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും ബിജെപിയുടെ കൊടിമരങ്ങളും ബോര്‍ഡുകളും നശിപ്പിക്കുന്നത് രാഷ്ട്രീയ അസഹിഷ്ണുതയുടെയും നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമവുമാണെന്ന് കമ്മിറ്റി പ്രമേയത്തിലൂടെ പറഞ്ഞു. ഇരുട്ടിന്റെ മറവില്‍ നടക്കുന്ന ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അധികാരികളോട് യോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ബിനു.ആര്‍.വാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.പി.മുകേഷ്, ജില്ലാ കമ്മിറ്റിയംഗം കുടമാളൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏറ്റുമാനൂര്‍: ബിജെപിയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കപ്പെടുന്നതില്‍ ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. ബിജെപി സംസ്ഥാന ജന.സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നയിക്കുന്ന പ്രചരണ ജാഥയ്ക്ക് ജനുവരി 9ന് ഏറ്റുമാനൂരില്‍ സംഘടിപ്പിക്കുന്ന സ്വീകരണ യോഗത്തിന്റെ അതിരമ്പുഴ, മാന്നാനം ഭാഗത്തുള്ള ഫ്‌ലക്‌സുകളും പോസ്റ്ററുകളുമാണ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചത്. പ്രതിഷേധ യോഗത്തില്‍ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. ജയചന്ദ്രന്‍ സംസാരിച്ചു.