ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ആഫീസര്‍ക്ക് നിവേദനം നല്‍കി

Thursday 5 January 2017 10:26 pm IST

ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രവും പരിസരവും മലിനവും ദുര്‍ഗന്ധ പൂരിതവുമായിക്കിടക്കുന്ന അവസ്ഥക്ക് ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകള്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ആഫീസര്‍ക്ക് നിവേദനം നല്‍കി. ശമ്പരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ സൗകര്യങ്ങളുടെ കുറവുമൂലം അയ്യപ്പന്മാര്‍ വിരി വച്ച് വിശ്രമിക്കാന്‍ മടി കാണിക്കുന്നു. ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ക്ഷേത്രപരിസരത്ത് വേണ്ടത്ര ശൗചാലയങ്ങള്‍ ഇതുവരെ പണിതിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപം കൊടുത്ത മാസ്റ്റര്‍ പ്ലാന്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. ഉള്ള ശൗചാലയങ്ങളില്‍ നിന്ന് മലിനജലം വഴിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിലേക്ക് കടക്കുന്ന ഭക്തര്‍ മാലിനജലം ചവിട്ടി വേണം അകത്തേക്ക് കടക്കാന്‍. ശൗചാലയമാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകി വരുന്നത് തടയുക, പടിഞ്ഞാറെ നടയില്‍ തുറസായ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ജനറേറ്റര്‍ സെറ്റ് മാറ്റി സുരക്ഷിതമായ സ്ഥലത്ത് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനമാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ആഫീസര്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ ആര്‍ ഉണ്ണികൃഷ്ണന്‍, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി വിജയകുമാര്‍ പണിക്കരു വീട്, ആര്‍എസ്എസ് നഗര്‍ കാര്യവാഹ് അനീഷ് മോഹന്‍ എന്നിവര്‍ അറിയിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദേവസ്വം അധികാരികള്‍ അനാസ്ഥ കാണിച്ചാല്‍ ഹൈന്ദവ സംഘടനകള്‍ ശക്തിയായ സമരപരിപാടികളുമായി മുന്നോട്ട് നീങ്ങുമെന്നും അവര്‍ പറഞ്ഞു.