വിഎസിനെ താക്കീത് ചെയ്യും

Friday 6 January 2017 12:07 am IST

തിരുവനന്തപുരം: മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന് സിപിഎം താക്കീത് നല്‍കും. കേന്ദ്ര കമ്മിറ്റി യോഗത്തിലായിരിക്കുംനടപടിയുണ്ടാകുക. അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടുകളും പരസ്യ പ്രസ്താവനകളും സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയുടെ ആവശ്യപ്രകാരം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പോളിറ്റ്ബ്യൂറോ കമ്മിഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുമ്പോഴായിരിക്കും താക്കീതുണ്ടാകുക. കൊലപാതക കേസില്‍ പ്രതിയായ എം.എം.മണി മന്ത്രിസ്ഥാനത്തു തുടരുന്നതു ശരിയല്ലെന്നും കേന്ദ്ര നേതൃത്വം ഇടപെടണമെന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. ഈ വാര്‍ത്ത ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിഷേധിച്ചെങ്കിലും വിഎസ് നിഷേധിച്ചില്ല. ഇതും സംസ്ഥാനനേതൃത്വത്തില്‍ നിന്നുള്ളവര്‍ വിഎസിനെതിരെ ആയുധമാക്കും. കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ഇ.പി.ജയരാജനു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന സാഹചര്യവും ചര്‍ച്ചയാകും. ജയരാജനും വിശദീകരണം നല്‍കും. ബന്ധു നിയമന വിവാദത്തില്‍ ജയരാജന്‍ വിശദീകരണം നല്‍കുമ്പോള്‍ പി.കെ.ശ്രീമതി എംപിക്കും വിശദീകരണം നല്‍കേണ്ടി വരും. എന്നാല്‍ ജയരാജനെതിരെ നടപടിയൊന്നും വേണ്ടെന്ന നിലപാടിലാണ് സംസ്ഥാനനേതൃത്വം. ഈ വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാവും കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കുക. പ്ലീനം തീരുമാനിച്ച നയപരിപാടികളുടെയും സമീപന രേഖയുടെയും നടത്തിപ്പും അനന്തര ഘട്ടങ്ങളും പ്രത്യേക അജണ്ടയായി കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും. സംസ്ഥാനത്തെ സംഘടനാ പ്രശ്‌നങ്ങളും നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളും പ്രത്യേക അജണ്ടയാണ്. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട സമീപനം, രൂപീകരിക്കേണ്ട രാഷ്ട്രീയ സഖ്യങ്ങള്‍, സഖ്യങ്ങളില്ലാത്ത സംസ്ഥാനങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ എന്നിവ പ്രത്യേക അജണ്ടയായി ചര്‍ച്ച ചെയ്യും. വരുന്ന നിയമസഭാതെരഞ്ഞടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ പിബി തീരുമാനിച്ചു. ഇന്നലെ എകെജി സെന്ററില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗമാണ് അജണ്ട തീരുമാനിച്ചത്. ഇന്നു രാവിലെ മുതല്‍ തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് കേന്ദ്ര കമ്മിറ്റി. ഇതിനിടെ ഇന്നലെയും വി.എസ്.അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിനു കത്തു നല്‍കി. ഇത്തവണ സംസ്ഥാന നേതൃത്വത്തിനെതിരെയല്ല പരാതി. സിപിഎം ദേശീയ തലത്തില്‍ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ് കത്ത്. പലയിടത്തും സിപിഎം ദുര്‍ബലമാണെന്നും ഈ അവസ്ഥ മറികടക്കാന്‍ ആവശ്യമായ ചര്‍ച്ചകള്‍ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വേണമെന്നുമാണ് ആവശ്യം. അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറാണ് എകെജി സെന്ററില്‍ എത്തി കത്ത് കൈമാറിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.