പിഞ്ചുകുഞ്ഞിനെ റോഡിലെറിഞ്ഞ സംഭവം: പ്രതിഷേധമിരമ്പി അമ്മമാരുടെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്

Friday 6 January 2017 4:01 am IST

  തിരൂര്‍: പിഞ്ചുകുഞ്ഞിനെ കാലില്‍തൂക്കി റോഡിലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച സിപിഎം അക്രമികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പടിഞ്ഞാറേക്കര പ്രദേശത്തെ അമ്മമാര്‍ തിരൂര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ജാതിമത രാഷ്ട്രീയ ഭേദമന്യേ സ്ത്രീകളും കുട്ടികളും സമരത്തില്‍ പങ്കെടുത്തു. പിഞ്ചുകുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത സിപിഎം ക്രിമിനലുകളുടെ നടപടി ഭീകരമാണ്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അവരെ പിടികൂടാതെ പോലീസ് ഒത്തുകളിക്കുകയാണ്. കുറച്ചുനാളുകളായി സിപിഎം തീരദേശ മേഖലയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. മതതീവ്രവാദ സംഘടനകളുടെ സഹായവും ഇതിന് പിന്നിലുണ്ട്. തങ്ങളുടെ മക്കളോടൊപ്പം സമാധാനമായി ജീവിക്കാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടാണ് അമ്മമാര്‍ ഇന്നലെ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്. നൂറുകണക്കിന് അമ്മമാര്‍ പ്രകടനമായെത്തി സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്നു. പ്രതികളെ പിടികൂടാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലായിരുന്നു അവര്‍. സമരസ്ഥലത്തെത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടാമെന്ന് പോലീസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് അമ്മമാര്‍ സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് തിരൂര്‍ പടിഞ്ഞാറേക്കര സ്വദേശി തൃക്കണാശ്ശേരി സുരേഷിന്റെ പത്തുമാസം പ്രായമുള്ള മകന്‍ കാശിനാഥിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാശിനാഥിനെ കെ.സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. നാട്ടില്‍ സമാധാനാന്തരീക്ഷം ഒരുക്കാന്‍ നിയമപാലകരോട് യാചിക്കേണ്ട അവസ്ഥ വളരെ ദയനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത്, മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് പറശ്ശേരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.