കുതിപ്പ് തുടങ്ങി

Friday 6 January 2017 4:39 am IST

ഉയരെ: ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ സ്വര്‍ണം നേടുന്ന കേരളത്തിന്റെ കെ.എസ്. അനന്ദു

പൂനെ: ആദ്യ ദിനത്തിലെ തളര്‍ച്ചയും കിതപ്പും മറന്ന് ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റിന്റെ രണ്ടാം ദിനത്തില്‍ കേരളാ എക്‌സ്പ്രസിന് വേഗതയേറി. രണ്ടാം ദിനത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മൂന്ന് സ്വര്‍ണം, നാല് വെള്ളി, ഒരു വെങ്കലമടക്കം 28 പോയിന്റുമായി കേരളം ഒന്നാമത്. രണ്ട് സ്വര്‍ണം, ഒരു വെള്ളി, രണ്ട് വെങ്കലം നേടിയ ഹരിയാന രണ്ടാമത്. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടിയ പഞ്ചാബ് മൂന്നാമത്.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ട് സ്വര്‍ണം നേടി പഞ്ചാബ് ഒന്നാമത്. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കിയ കേരളം രണ്ടാമത്. ഒന്നു വീതം സ്വര്‍ണം, വെള്ളി, വെങ്കലം നേടിയ ഹരിയാന മൂന്നാം സ്ഥാനത്ത്. പെണ്‍കുട്ടികളില്‍ രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും നേടിയ കേരളം ഒന്നാമത്. ഒന്നു വീതം സ്വര്‍ണവും വെള്ളിയും മൂന്ന് വെങ്കലവും നേടിയ മഹാരാഷ്ട്ര രണ്ടാമത്. ഒരു സ്വര്‍ണവും ഒരു വെങ്കലവും നേടിയ കേന്ദ്രീയ വിദ്യാലയ മൂന്നാമത്.

പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പിലും ആണ്‍കുട്ടികളുടെ ഹൈജമ്പിലും കേരളം സ്വര്‍ണവും വെള്ളിയും നേടിയപ്പോള്‍ മൂന്നാം സ്വര്‍ണം വന്നത് ട്രാക്കില്‍ നിന്ന്. 400 മീറ്ററില്‍ പുതിയ റെക്കോഡുമായി അബിത മേരി മാനുവല്‍ പൊന്നണിഞ്ഞു. ട്രിപ്പിള്‍ ജമ്പില്‍ ലിസ്ബത്ത് കരോലിന്‍ ജോസഫും ഹൈജമ്പില്‍ കെ.എസ്. അനന്ദുവും സ്വര്‍ണം നേടിയപ്പോള്‍ പി.വി. വിനി, ടി. ആരോമല്‍, കെ.എ. റുബീന എന്നിവര്‍ യഥാക്രമം ഈയിനങ്ങളില്‍ വെള്ളി നേടി. മറ്റൊരു വെള്ളിയും ഏക വെങ്കലവും പിറന്നത് 100 മീറ്ററില്‍. ആണ്‍കുട്ടികളാണ് സ്പ്രിന്റില്‍ മെഡല്‍ നേടിയത്. ഫോട്ടോഫിനിഷിലൂടെ മുഹമ്മദ് അജ്മല്‍ വെള്ളി നേടിയപ്പോള്‍ ഓംകാര്‍ വെങ്കലവും മാറിലണിഞ്ഞു.

400 മീറ്ററില്‍ ഉഷയുടെ പ്രിയ ശിഷ്യ അബിത മേരി മാനുവല്‍ 55.12 സെക്കന്‍ഡിലാണ് റെക്കോഡുമായി പൊന്നണിഞ്ഞത്. അബിതയുടെ കുതിപ്പില്‍ പഴങ്കഥയായത് 2005-ല്‍ പഞ്ചാബിന്റെ മന്‍ദീപ് കൗര്‍ സ്ഥാപിച്ച 55.18 സെക്കന്‍ഡ്. മധ്യപ്രദേശിന്റെ നികിത മലാകര്‍ വെള്ളിയും മഹാരാഷ്ട്രയുടെ റൊസാലിന്‍ റൗൂബന്‍ ലൂയിസ് വെങ്കലവും നേടി.

ഗുര്‍വീന്ദര്‍, രാജശ്രീ ഫാസ്റ്റസ്റ്റ് മീറ്റിലെ വേഗതയേറിയ താരങ്ങളായി ആണ്‍കുട്ടികളില്‍ പഞ്ചാബിന്റെ ഗുര്‍വീന്ദര്‍ സിങ്ങും പെണ്‍കുട്ടികളില്‍ പശ്ചിമ ബംഗാളിന്റെ രാജശ്രീ പ്രസാദും മാറി. 12.17 സെക്കന്‍ഡില്‍ പറന്നെത്തിയാണ് പെണ്‍കുട്ടികളില്‍ രാജശ്രീ ഫാസ്റ്റസ്റ്റായത്. മഹാരാഷ്ട്രയുടെ സിദ്ധി സഞ്ജയ് ഹിരെ 12.36 സെക്കന്‍ഡില്‍ വെള്ളിയും തമിഴ്‌നാടിന്റെ കെ. രാമലക്ഷ്മി 12.37 സെക്കന്‍ഡില്‍ വെങ്കലവും നേടി. കേരളത്തിന്റെ വിനി. പി.വി 12.84 സെക്കന്‍ഡില്‍ ഏഴാമതാണ് ഫിനിഷ് ലൈന്‍ കടന്നത്.

ഫോട്ടോഫിനിഷിലൂടെ വിജയിയെ നിര്‍ണ്ണയിച്ച ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 10.85 സെക്കന്‍ഡില്‍ ഗുര്‍വീന്ദര്‍ സിങ് ഫിനിഷ് ലൈന്‍ കടന്നു. 10.86 സെക്കന്‍ഡില്‍ മുഹമ്മദ് അജ്മലും 10.95 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന് ഓംകാര്‍നാഥും സ്പ്രിന്റ് മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചു.

ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ സ്വര്‍ണവും വെള്ളിയും നേടിയ അനന്ദുവും ടി. ആരോമലും ചാടിയത് 2.05 മീറ്റര്‍. എന്നാല്‍, 2.02 മീറ്റര്‍ ഉയരം ആദ്യ അവസരത്തില്‍ അനന്ദു താണ്ടിയപ്പോള്‍ ആരോമല്‍ മറികടന്നത് രണ്ടാം അവസരത്തില്‍. ഇതോടെയാണ് സ്വര്‍ണം അനന്ദുവിന് സ്വന്തമായത്. കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആരോമലിന് പിന്നില്‍ അനന്ദുവിന് വെള്ളി. 1.97 മീറ്റര്‍ ചാടിയ ദല്‍ഹിയുടെ നിഷാന്ത് വെങ്കലം നേടി.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അസമിന്റെ ലെയ്‌വന്‍ നര്‍സാരിയും കേരളത്തിന്റെ റുബീന. കെ.എയും 1.68 മീറ്റര്‍ ചാടി സ്വര്‍ണവും വെള്ളിയും നേടി. എന്നാല്‍, കുറഞ്ഞ അവസരത്തില്‍ ഈ ഉയരം മറികടന്നതാണ് അസമീസ് താരത്തിന് ഗുണകരമായത്. ദല്‍ഹിയുടെ വനിഷ്‌ക സ്വേജ്‌വാള്‍ 1.65 മീറ്റര്‍ ചാടി വെങ്കലം നേടി. കേരളത്തിന്റെ മറ്റൊരു ഉറച്ച പ്രതീക്ഷയായ ലിസ്ബത്തിന് 1.55 മീറ്റര്‍ ചാടി 10-ാമതാണ് എത്തിയത്.

എന്നാല്‍, ത്രോയിനങ്ങളില്‍ കേരളത്തിന് മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാനായില്ല. ആണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോയില്‍ കേരളത്തിന്റെ അമല്‍ പി. രാഘവ് 44.29 മീറ്റര്‍ എറിഞ്ഞ് നാലാമതായി. പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലും നിരാശ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.