സിപിഎം - സിപിഐ തര്‍ക്കം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെടുത്തി: വി.മുരളീധരന്‍

Friday 6 January 2017 5:29 am IST

തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്ന ഇടത് മുന്നണിയിലെ പ്രധാന കക്ഷികളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള പോര് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെടുത്തിയതായി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍. നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട വിഷയത്തില്‍ സംസ്ഥാന പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആദ്യം രംഗത്തുവന്നത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്. നിലമ്പൂരില്‍ മരിച്ച മാവോയിസ്റ്റിന്റെ മൃതദേഹത്തില്‍ അന്ത്യാഭിവാദ്യമര്‍പ്പിക്കുകയും സിപിഎം നേതൃത്വത്തിനെതിരെ ഈ വിഷയത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിടുകയും ചെയ്ത ബിനോയ് വിശ്വത്തെ സ്വപ്‌നജീവി എന്നു വിളിച്ചാണ് പി. ജയരാജന്‍ പരിഹസിച്ചത്. തുടര്‍ന്ന് തോക്കുമായി വരുന്നവരെ ആശയം കൊണ്ടല്ല നേരിടേണ്ടതെന്നു പറഞ്ഞ് സിപിഐയുടെ എല്ലാ വാദത്തേയും ഖണ്ഡിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാവോയിസ്റ്റ് വേട്ട നടന്നതെന്ന് പറഞ്ഞാണ് കാനം രാജേന്ദ്രന്‍ ഇതിനെതിരെ രംഗത്തുവന്നത്. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ഇ.പി. ജയരാജനെ മന്ത്രിസ്ഥാനത്തു നിന്നു ഒഴിവാക്കണമെന്നു കാനം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വടക്കാഞ്ചേരിയില്‍ സിപിഎം നേതാവിന്റെയും സംഘത്തിന്റെയും ക്രൂരപീഡനത്തിനെതിരായ യുവതിയുടെ പേര് വെളിപ്പെടുത്തിയ കെ. രാധാകൃഷ്ണനെതിരെ കേസെടുക്കണമെന്ന് ആദ്യം അഭിപ്രായപ്പെട്ടത് കാനം രാജേന്ദ്രനായിരുന്നു. യുഎപിഎ. ചുമത്തുന്ന കാര്യത്തിലുള്ള തര്‍ക്കവും സിപിഎം - സിപിഐ പോര് രൂക്ഷമാക്കി. സിപിഎം കൈയേറിയ ഭൂമിക്ക് ചുളുവില്‍ പട്ടയം നല്‍കാനാവില്ലെന്ന് സിപിഐ. സംസ്ഥാന കൗണ്‍സിലില്‍ അഭിപ്രായം ഉയര്‍ന്നതിലൂടെ സിപിഎം ഭൂമി കൈയേറ്റക്കാരാണെന്ന് മന്ത്രിസഭയിലെ രണ്ടാം കക്ഷിതന്നെ പറഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ പരസ്യമായി വിമര്‍ശിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. തൊട്ടുപുറകേ, സിപിഐ മന്ത്രിമാരെ വിലയിരുത്തേണ്ടത് സിപിഎം മന്ത്രിയുടെ ജോലിയല്ലെന്ന് വനംമന്ത്രി കെ.രാജു നടത്തിയ പരാമര്‍ശത്തിലൂടെ തര്‍ക്കം പുതിയൊരു തലത്തിലെത്തിച്ചു. ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടികളുടെ പരസ്യമായ തമ്മിലടിമൂലം ഭരണത്തിലെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെടുകയും സംസ്ഥാനത്തെ ഭരണംതന്നെ സ്തംഭനാവസ്ഥയിലാക്കിയിരിക്കുകയുമാണെന്ന് വി. മുരളീധരന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.