ജിയോ പിടിമുറുക്കി; കമ്പനികള്‍ വെള്ളം കുടിച്ചു തുടങ്ങി

Friday 6 January 2017 7:10 pm IST

മുംബൈ: റിലയന്‍സ് ജിയോ കുറഞ്ഞ നിരക്കുകളും സൗജന്യ സേവനങ്ങളുമായി എത്തിയതോടെ മറ്റുകമ്പനികളെല്ലാം വെള്ളം കുടിച്ചു തുടങ്ങി. ലാഭം കുറച്ച് വിപണിയില്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ് ടെലികോം കമ്പനികള്‍. ജിയോ പ്രവര്‍ത്തനം ആരംഭിക്കുകയും നോട്ട് അസാധുവാക്കുകയും ചെയ്തതോടെ ഡിസംബര്‍ ആദ്യ വാരത്തോടെ ടെലികോം കമ്പനികളുടെ ഓഹരികള്‍ ഇടിയാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്നാണ് ഓഫറുകളിലും കോള്‍ നിരക്കുകളിലും മാറ്റം വരുത്തി വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ ടെലികോം കമ്പനികള്‍ തീരുമാനിച്ചത്. സെപ്തംബര്‍ ആദ്യമാണ് റിലയന്‍സ് ഇന്‍ഫോകോം ജിയോ ആരംഭിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദമായതോടെ ഇത് ടെലികോം കമ്പനികളില്‍ പ്രതിഫലിച്ചുതുടങ്ങി. പ്രവര്‍ത്തനം ആരംഭിച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍ ടെലികോം കമ്പനികളുടെ വരുമാനം കുറഞ്ഞു. ഭാരതി എയര്‍ടെല്‍ ലിമിറ്റഡ്, ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ് എന്നിവയുടെ ലാഭം ഏഴു മുതല്‍ 18 ശതമാനം വരെ കുറഞ്ഞു. ഐഡിയയുടെ ഓഹരികളില്‍ 440 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സില്‍ 320 കോടിയുടേയും നഷ്ടമുണ്ടായി. എയര്‍ടെല്ലിന്റെ ഇടിവ് 35- 40 ശതമാനമാണ് . ഈ സൗജന്യം മാര്‍ച്ച് വരെയെത്തുമ്പോഴേക്കും കൂടുതല്‍ നഷ്ടമുണ്ടാകാതെ തടിതപ്പാനാണ് മറ്റു കമ്പനികളുടെ ഇപ്പോഴത്തെ ശ്രമം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.