മൂന്നാര്‍ സര്‍വ്വീസ് സഹ. ബാങ്ക് സര്‍ക്കാര്‍ ഭൂമി കയ്യേറി; റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എയുടെ ഭീഷണി

Friday 6 January 2017 7:38 pm IST

ഇടുക്കി: മൂന്നാര്‍ ടൗണില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് കയ്യേറി. മൂന്നാര്‍ ടൗണിലെ പാലത്തിന് സമീപമാണ് പത്ത് സെന്റോളം വസ്തു കയ്യേറിയിരിക്കുന്നത്. കയ്യേറിയ വസ്തുവില്‍ ടിന്‍ഷീറ്റ് കൊണ്ട് ഷെഡ് ഉണ്ടാക്കി സഹകരണ ബാങ്കിന്റെ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ആറ്റ് പുറമ്പോക്കാണ് കയ്യേറിയിരിക്കുന്നത്. കയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഭൂസംരക്ഷണ സേന സ്ഥലത്തെത്തി അന്വേഷണം നടത്തി വിവരം റവന്യൂ അധികൃതരെ അറിയിച്ചു. ഇതേത്തുടര്‍ന്ന് കെഡിഎച്ച് വില്ലേജില്‍ നിന്ന് ബാങ്കുകാര്‍ക്ക് സ്‌റ്റോപ്പ് മെമ്മൊയും നല്‍കി. 2013 ഏപ്രില്‍ നാലിന് ഭൂസംരക്ഷണ സേന ഇതേ സ്ഥാനത്ത് ബാങ്കുകാര്‍ നടത്തിയ കയ്യേറ്റം ഒഴിപ്പിച്ചിരുന്നതാണ്. പിന്നീട് വീണ്ടും വസ്തു കയ്യേറിയത് മൂന്നാര്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍, സിപിഎം മുന്‍ ഏരിയ സെക്രട്ടറി ശശി എന്നിവരുടെ ഒത്താശയോടെയാണ്. ശശി ബാങ്കിന്റെ ഭരണ സമിതിയംഗവുമാണ്. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നോട്ടീസ് നല്‍കിയ ഒരു ഡെപ്യൂട്ടി സഹസീല്‍ദാറോട് ഭീഷണിപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ബാങ്കിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ പട്ടയം ഹാജരാക്കാന്‍ ദേവികുളം ആര്‍ഡിഒ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.