30 ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്നു

Friday 6 January 2017 9:24 pm IST

കുമളി: കരകൗശല വസ്തുക്കളും വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ ആഭരണങ്ങളും വില്‍പ്പന നടത്തുന്ന കാശ്മീരി  ഷോപ്പില്‍ വന്‍ മോഷണം. രത്‌നങ്ങളും, നക്ഷത്ര കല്ലുകളും, വെള്ളി ആഭരങ്ങളും വില്പ്പന നടത്തുന്ന കുമളിയിലെ ചോളാ ഹാഡ്‌സ് എംപോറിയംം എന്ന സ്ഥാപനത്തിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്. ഏകദേശം മുപ്പത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന വിവിധ തരത്തിലുള്ള ആഭരണങ്ങളും കടയില്‍ സൂക്ഷിച്ചിരുന്ന അന്‍പതിനായിരം രൂപയും നഷ്ടപ്പെട്ടതായി   ഉടമ പറഞ്ഞു. കശ്മീര്‍ സ്വദേശിയായ അബ്ദുള്‍ മജീദ് സോഫി എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് സ്ഥാപനം. കടയുടെ പിന്‍ഭാഗത്തെ ഷട്ടര്‍ പൊളിച്ച നിലയിലാണ്. കടയ്ക്കുള്ളില്‍ നിരീക്ഷണ കാമറ പ്രവര്‍ത്തിച്ചി.രുന്നു. തേക്കടിയിലേക്കുള്ള പ്രവേശന കവാടത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നതാണ് ഈ സ്ഥാപനം. വിദേശ വിനോദസഞ്ചാരികള്‍ക്ക് താല്പ്പര്യമുള്ള  വിവിധയിനം കല്ലുകളും കശ്മീര്‍ നിര്‍മ്മിത വസ്ത്രങ്ങളും, പഴക്കമുള്ള ലോഹനിര്‍മ്മിത ഉത്പ്പന്നങ്ങളുമാണ് ഇവിടെ പ്രധാനമായും വില്പ്പന നടത്തുന്നത്. കട്ടപ്പന ഡിവൈഎസ്പി രാജ്‌മോഹന്‍, കുമളി സിഐ പ്രദീപ് കുമാര്‍, എസ്‌ഐ ജോബി മാത്യു  എന്നിവരുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. സ്ഥലത്തെത്തിയ പോലീസ്‌നായയും വിരലടയാള  വിദഗ്ധരും പരിശോധന നടത്തി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുകയാണെന്നും പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.