കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം: ഒരാള്‍ക്ക് പരിക്ക്

Friday 6 January 2017 9:46 pm IST

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ശിക്ഷാത്തടവുകാരനായി രണ്ടാം ബ്ലോക്കില്‍ കഴിയുന്ന ഷാഹിദിനാ(25)ണ് പരിക്കേറ്റത്. സഹതടവുകാരനായ മുഹമ്മദ് എന്നയാളാണ് ഇയാളെ മര്‍ദ്ദിച്ചത്. പരിക്കേറ്റ ഷാഹിദിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നിരന്തരമായി ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ നടക്കാറുണ്ട്. ചെറിയ സംഘര്‍ഷങ്ങള്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ പുറംലോകമറിയാറില്ല. അക്രമ സംഭവങ്ങളില്‍ പ്രതിസ്ഥാനത്ത് ഭരണകക്ഷിയില്‍പ്പെട്ടവരാണെങ്കില്‍ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും ഭയമാണ്. അതുകൊണ്ട് തന്നെ ജയിലിനകത്ത് നടക്കുന്ന പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ജയിലില്‍ അനുവദനീയമായതിലും കൂടുതല്‍ തടവുകരുള്ളതുമാണ് പ്രശ്‌നങ്ങള്‍ക്ക്~ഒരു പ്രധാന കാരണം. ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് പുറമെ റിമാന്റ് പ്രതികള്‍ കൂടിവരുന്നതോടെയാണ് സ്ഥിതി നിയന്ത്രണാതീതമായിത്തീരുന്നത്. റിമാന്റ് പ്രതികളെ കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടുവരുമ്പോള്‍ ജയിലിനകത്ത് നിരോധിച്ച വസ്തുക്കള്‍ പോലും എത്തിക്കുന്നതായി നിരവധി തവണ ആരോപണമുയര്‍ന്നിരുന്നുവെങ്കിലും ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല. മയക്കുമരുന്നുകളും പുകയില ഉല്‍പന്നങ്ങളുമുള്‍പ്പടെയുള്ള ഉല്‍പന്നങ്ങള്‍ ജയിലിനകത്തെത്തിക്കുന്നതിലെ പ്രധാന കണ്ണികളും റിമാന്റ് പ്രികളാണ്. ജയിലിനത്ത് കഴുയുന്ന പ്രതികള്‍ക്ക് ഫോണ്‍വഴി നിരന്തരമായി പുറം ലോകവുമായി ബന്ധപ്പെടാനുള്ള സാഹചര്യവും നിലവിലുണ്ട്. കൊച്ചിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന വിവാദ വ്യവസായി അബ്ദുള്‍ നിസാം ജയിലിനകത്ത് മൊബൈല്‍ ഫോണുപയോഗിച്ച് ബന്ധുക്കളെ ഭീഷണിപ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. പ്രശ്‌നം വിവാദമായതോടെ ഫോണ്‍ വിളിക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും മൊബൈല്‍ ഫോണുകള്‍ക്കായി ജയിലിനകത്ത് പരിശോധന നടത്തുകയും ചെയ്തുവെങ്കിലും ഇപ്പോള്‍ എല്ലാം പഴയപടി തന്നെയാണെന്നാണ് സൂചന. കോടികളുടെ ആസ്തിയുള്ള നിസ്സാം പണമുപയോഗിച്ച് ഉദ്യോഗസ്ഥന്‍മാരെ സ്വാധീനിക്കുകയാണെന്നും ആരോപണമുണ്ട്. ഇത്തരം വിവാദ കുറ്റവാളികള്‍ക്ക് പുറമേ പാര്‍ട്ടി തടവുകാരും ജയിലിന്റെ സുഗമമായ നടത്തിപ്പിന് ഭീഷണിയാണ്. പാര്‍ട്ടി തടവുകാരാണെങ്കില്‍ അവര്‍ എന്ത് ചെയ്താലും നടപടിയെടുക്കാന്‍ ഉദ്യാഗസ്ഥരും ഭയക്കുകയാണ്. നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് സിപിഎമ്മുകാരല്ലാത്ത രാഷ്ട്രീയത്തടവുകാരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നില്ല. അതേ സാഹചര്യം തന്നെ നടപ്പില്‍ വരുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമാണ് ഇപ്പോള്‍ നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.